കൊച്ചി:പറമ്പുകള്‍ കാടുപിടിച്ച് വിഷപ്പാമ്പുകളുടെ താവളമാകുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ കാഴ്ചക്കാരാകരുതെന്ന് ഹൈക്കോടതി.സ്ഥലത്തിന്റെ ഉടമയെ കണ്ടെത്താൻ കാത്തുനില്‍ക്കാതെ നടപടിയെടുക്കണം. ഇതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി. അയല്‍പക്കത്തെ കാടുപിടിച്ച പറമ്പില്‍ നിന്ന് വിഷജന്തുക്കളുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാവേലിക്കര തെക്കേക്കര സ്വദേശി ജിജി വർഗീസ് നല്‍കിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ഉത്തരവ് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.അപകടകരമായ സാഹചര്യമുണ്ടായാല്‍, ഉടമയ്ക്ക് നോട്ടീസ് നല്‍കി കാത്തിരിക്കേണ്ടതില്ലെന്നാണ് വ്യക്തമാക്കിയത്. കേരള പഞ്ചായത്ത് രാജ് ആക്‌ട് 238, 239 വകുപ്പുകള്‍ പ്രകാരം ഇത്തരം ശല്യം നീക്കം ചെയ്യാൻ തദ്ദേശസ്ഥാപനത്തിന് അധികാരമുണ്ട്. ഉടമയെ അറിയില്ലെങ്കില്‍പോലും പഞ്ചായത്ത് സ്വന്തം നിലയ്ക്ക് കാട് വെട്ടിത്തെളിക്കണം. ചെലവ് ഉടമയെ കണ്ടെത്തുമ്പോള്‍ ഈടാക്കാമെന്നും ഉത്തരവില്‍ പറയുന്നു. പ്രായമായ രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുന്ന ഹർജിക്കാരൻ വീടിനോട് ചേർന്ന് കാടുപിടിച്ചു കിടക്കുന്ന പറമ്പിലെ പാമ്പുശല്യം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ പോർട്ടലില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് വില്ലേജ് ഓഫീസില്‍ നിന്ന് വിവരം തേടിയെങ്കിലും പറമ്പിന്റെ ഉടമയെ കണ്ടെത്താനായില്ലെന്നും നോട്ടീസ് നല്‍കാൻ കഴിഞ്ഞില്ലെന്നുമായിരുന്നു മാവേലിക്കര തെക്കേക്കര പഞ്ചായത്തിന്റെ നിലപാട്. ഈ വാദം കോടതി തള്ളി. പത്ത് ദിവസത്തിനകം വെട്ടിത്തെളിക്കാൻ പഞ്ചായത്തിന് നിർദ്ദേശം നല്‍കി.
“വേണ്ടത് സാമാന്യബുദ്ധി”
സ്കൂള്‍ തുറക്കുന്ന ജൂണ്‍ മാസത്തില്‍ പാമ്പുകടിയേറ്റുള്ള മരണവാർത്ത പതിവാകുന്നത് ഹൃദയഭേദകമാണെന്ന് കോടതി പറഞ്ഞു. ജനവാസ മേഖലകളില്‍ കാടുമൂടിക്കിടക്കുന്ന പറമ്പുകള്‍ പാമ്പുകളുടെ പ്രജനന കേന്ദ്രങ്ങളാകുകയാണ്. ഇത് വെറുമൊരു ശല്യമല്ല, മറിച്ച് ജനജീവന് ഭീഷണിയായ അടിയന്തര സാഹചര്യമാണ്. നിയമത്തിന്റെ സങ്കീർണതയേക്കാള്‍ സാമാന്യ ബുദ്ധിക്കാണ് ഇവിടെ മുൻഗണനയെന്നും നിരീക്ഷിച്ചു.
