പുന്നയൂർക്കുളം: കടലാക്രമണം രൂക്ഷമായി തുടരുന്ന പുന്നയൂർക്കുളം തീരമേഖലയിലെ അടുത്തിടെ ഉദ്ഘാടനം നടത്തിയ പെരിയമ്പലം – അണ്ടത്തോട് റോഡ് കടലെടുക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി തുടർന്ന് കൊണ്ടിരിക്കുന്ന ശക്തമായ മഴയും കാറ്റുമാണ് തീരത്ത് കടലാക്രമണം ശക്തമാകാൻ കാരണം. തിരമാലകൾ ആഞ്ഞടിച്ച് കായ്ഫലമുള്ള തെങ്ങുകളും കാറ്റാടി മരങ്ങളും കടപുഴകുന്ന അവസ്ഥയാണ്.തിരമാലകൾ ആഞ്ഞടിച്ച് ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ് അണ്ടത്തോട് പെരിയമ്പലം തീരദേശ റോഡ്. കോടികൾ ചെലവഴിച്ച് ഈയിടെ ഗതാഗതത്തിന് തുറന്ന് കൊടുത്ത റോഡാണ് ഏത് നിമിഷവും കടലെടുക്കുന്ന അവസ്ഥയിലായിട്ടുള്ളത്. കോടികൾ ചെലവഴിച്ച് നിർമ്മാണം ആരംഭിച്ചിരിക്കുന്ന കടൽഭിത്തിയും കടലിൽ അലിഞ്ഞ് കൊണ്ടിരിക്കുകയാണ്.ഈ ഭിത്തി നിർമ്മാണത്തിനെതിരെ പ്രതിഷേധങ്ങൾ നിലനിൽക്കെയാണ് കടലാക്രമണം തുടങ്ങിയത്. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനുള്ള തയ്യാറെടുപ്പുകളും ഉണ്ട്.പെരിയമ്പലം ബീച്ചിന് സമീപം റിസോട്ടിൻ്റെ മതിൽ പൂർണ്ണമായും തകർന്നു. തങ്ങൾ പ്പടി 310 റോഡിന് സമീപത്തെ റിസോട്ടും,തൊട്ടടുത്ത കടലിനോട് ചേർന്നുള്ള ഓല വീടും കടലെടുക്കുന്ന അവസ്ഥയിലായി. പാലപ്പെട്ടി കാപ്പിരിക്കാട് ബീച്ചിലെ അലിയാർ പള്ളിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.ബാക്കിയുള്ള ഭാഗങ്ങൾ തകർന്ന് കൊണ്ടിരിക്കുന്ന അവസ്ഥയും ഉണ്ട്.തൊട്ടടുത്ത ഹിളർ നമസ്ക്കാര പള്ളിയും കടലെടുക്കുന്ന സ്ഥിതിയിലാണ്.പാലപ്പെട്ടി കടപ്പുറത്തെ 50 ഓളം വീടുകൾ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. പാലപ്പെട്ടി വട കൂട്ട് മൊയ്തീൻ്റെ വീട്ടിലെക്ക് വെള്ളം കയറിയതുമൂലം ഈ കുടുംബം താമസം മാറി. കടലാക്രമണ മേഖലയിൽ നിന്ന് 10 കുടുംബങ്ങൾ ബന്ധുവീട്ടിലെക്ക് താമസം മാറ്റി.അജ്മീർ നഗറിലെ പള്ളിയും കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. തണ്ണിത്തുറയിലും പത്തു മുറിയിലും അൻപതിലേറെ വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്.ദുരിതബാധിതരെ മാറ്റി താമസിപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.
കടലാക്രമണം;ഉദ്ഘാടനം കഴിഞ്ഞ പെരിയമ്പലം തീരദേശ റേഡ് കടലെടുക്കുന്നു
