തിരുവനന്തപുരം: വാളകത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച തൃശൂർ സ്വദേശി നവോമിയുടെ ബന്ധുക്കളെ കിംസിലെത്തി കായിക യുവജന കാര്യ വകുപ്പ് മന്ത്രി അഡ്വ ഒ ജെ ജെനീഷ് ആശ്വസിപ്പിച്ചു. നവോമിയുടെ പിതാവ് വിൻസെന്റ്, വിൻസെന്റിന്റെ സഹോദരന്റെ മകൻ സിജോ, അമ്മയുടെ സഹോദരൻ, വിൻസെന്റിന്റെ സഹോദരങ്ങൾ എന്നിവരാണ് ആശുപത്രീയിൽ ഉണ്ടായിരുന്നത്. ജീവിതത്തിൽ ഏറ്റവും സങ്കടകരമായ നിമിഷത്തിലൂടെ കടന്നു പോകുമ്പോഴും മകളിലൂടെ ആറു പേർക്ക് പുതുജീവൻ നൽകാനുള്ള തീരുമാനം എടുത്തതിൽ മന്ത്രി അദ്ദേഹത്തോട് നന്ദി പറഞ്ഞു. അവയവദാന നടപടികൾ വേഗത്തിലാക്കാൻ മന്ത്രി ഇടപെട്ടിരുന്നു.അമ്മയ്ക്കും അനിയനും ഒപ്പം പുതിയ ജോലിയിൽ പ്രവേശിക്കാൻ തിരുവനന്തപുരത്തേക്ക് പോകവെയാണ് അപകടം സംഭവിക്കുന്നത്. ആദ്യം കൊട്ടാരക്കര വിജയ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവോമിയെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റതിനാൽ കിംസിലേക്ക് മാറ്റുകയായിരുന്നു.വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേൽ വിൻസെന്റിന്റെ മകൾ നവോമി (23)യ്ക്ക് മസ്‌തിഷ്‌ക്ക മരണം സംഭവിച്ചതായി ഞായറാഴ്ച രാവിലെയാണ് ഡോക്ടർമാർ വീട്ടുകാരെ അറിയിക്കുന്നത്. വീട്ടുകാർ അവയവദാനത്തിന് സന്നദ്ധത അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ പൂർത്തിയാക്കി ഇന്നലെ അവയവങ്ങൾ കൈമാറ്റം ചെയ്തു. നവോമിയുടെ ഹൃദയവാൽവ് ശ്രീ ചിത്ര മെഡിക്കൽ ഇന്സ്ടിട്യൂട്ടിലേക്കും, ഒരു കിഡ്‌നി കിംസിലേക്കും ഒരെണ്ണം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും രക്തക്കുഴലുകൾ ശ്രീ ചിത്രയിലേക്കുമാണ് നൽകിയത്. ഹൃദയത്തിനു തകരാർ സംഭവിച്ചതിനാൽ നൽകാൻ കഴിഞ്ഞിരുന്നില്ല. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ സി ലയമോളുടെ മേൽനോട്ടത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്മാർട്ടത്തിനായി കൊണ്ടുപോയി. തിങ്കൾ (ഇന്ന്) രാത്രി ഒൻപത് മണിയോടെ മൃതദേഹം തൃശൂരിലേക്ക് കൊണ്ട് പോകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ് തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നവോമിയുടെ ‘അമ്മ ജിപ്സിയെയും സഹോദരൻ ജോയലിനെയും ഇന്നലെ രാവിലെയാണ് മരണ വിവരം അറിയിച്ചത്. നവോമിയുടെ സഹോദരി ഏയ്ഞ്ചലും അയൽവാസിയും ആശുപത്രി പി ആർ ഓ യുമായ സന്തോഷ്‌കുമാർ എന്നിവർ ചേർന്നാണ് മരണവിവരം അറിയിച്ചത്. ഇരുവരെയും കഴിഞ്ഞ ദിവസമാണ് ഐ സി യുവിൽ നിന്നും മുറിയിലേക്ക് മാറ്റുന്നത്
നവോമി (23) ഇനി 6 പേരിലുടെ ജീവിക്കും
