ഗുരുവായൂർ ദേവസ്വം ആന സുഖചികിൽസ ജൂലായ് ഒന്നു മുതൽ

ഗുരുവായൂർ: ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിൽസ ജൂലായ് ഒന്നിന് ബുധനാഴ്ച ആരംഭിക്കും. ആനകൾക്കുള്ള സുഖചികിൽസയുടെ ഉദ്ഘാടനം ഉച്ചതിരിഞ്ഞ് 3 ന് സംസ്ഥാന റവന്യൂ (ദേവസ്വം ) സെക്രട്ടറി എം.ജി.
രാജമാണിക്കം ഐഎഎസ് നിർവ്വഹിക്കും. ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് എക്സ് എം എൽ എ അദ്ധ്യക്ഷത വഹിക്കും. ആനകൾക്ക് ഔഷധ ചോറുരുളനൽകിയാണ് ഉദ്ഘാടനം.ചടങ്ങിൽ അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ വിശിഷ്ട സാന്നിധ്യമാകും.ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,പി.സി.ദിനേശൻ നമ്പൂതിരിപ്പാട്,സി.മനോജ്,മനോജ് ബി.നായർ,കെ .എസ് ബാലഗോപാൽ , എം.യു. ഷിനിജ, ജീവധനം വിദഗ്ധ സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.ജൂലൈ 30 വരെയാണ് സുഖചികിൽസ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക.
ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ
ഡോ. പി.ബി.ഗിരിദാസ്, ഡോ: എം.എൻ.ദേവൻ നമ്പൂതിരി ,ഡോ. ടി.എസ്.രാജീവ്, ഡോ.കെ.വിവേക്, ഡോ.യു. ഗിരീഷ്, ഡോ.വി.ശബരീനാഥ് ദേവസ്വം വെറ്ററിനറി സർജൻ ഡോ: ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലും നിരീക്ഷണത്തിലുമാണ് സുഖചികിൽസ .ചികിൽസക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. 3150 കിലോ അരി,1050കിലോ ചെറുപയർ ,1050 കിലോ റാഗി,105 കിലോ അഷ്ട ചൂർണ്ണം, 262 കിലോ ച്യവനപ്രാശം, മഞ്ഞൾപ്പൊടി, ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ തുടങ്ങിയവയാണ് സുഖചികിൽസയ്ക്ക് ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *