ഭക്ത സാഗരം ഗുരുവായൂരിലേക്കൊഴുകിയെത്തി… വ്രതശുദ്ധിയുടെ നിറവിൽ
ദർശനപുണ്യം തേടി.
പ്രസാദ ഊട്ടിൽ പങ്കെടുത്തത് അരലക്ഷത്തോളം പേർ

ഗുരുവായൂർ:ഗുരുപവനപുരിയിലേക്ക് ഇന്നലെ രാത്രി മുതൽ ഭക്ത ജന പ്രവാഹമായിരുന്നു. ഒരേ ഒരു ലക്ഷ്യം. ഒരൊറ്റ മനസ്സ്. കണ്ണനെ കാണണം. മനം നിറയണം. ആ ദിവ്യദർശന സൗഭാഗ്യം ജീവിതത്തിന് തെളിച്ചമാകണം.പതിനായിരങ്ങളാണ് ഏകാദശി നിറവിൽ കണ്ണനെ തൊഴുത് ദർശനപുണ്യം നേടിയത്. ദശമി ദിനമായ ഇന്നലെ നിർമ്മാല്യ ദർശനത്തോടെ തുറന്ന ക്ഷേത്രനട കണ്ണൻ്റെ  ഭക്തർക്കായി ഇപ്പോഴും തുറന്നു തന്നെ. വി.ഐ.പി ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി ദേവസ്വവും ഭക്തർക്ക് തുണയായി.നാളെ രാവിലെ എട്ടു മണിയോടെ മാത്രമേ നട അടയ്ക്കു.രാവിലെ കാഴ്ച ശീവേലിക്കു ശേഷം ഗുരുവായൂരപ്പൻ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.
പഞ്ചവാദ്യം അകമ്പടിയായി. തിമിലയിൽ പല്ലശ്ശന മുരളീ മാരാർ,മദ്ദളത്തിൽ കലാമണ്ഡലം ഹരി നാരായണൻ,ഇടക്കയിൽ കടവല്ലൂർ മോഹനൻ മാരാർ, കൊമ്പ് മച്ചാട് ഉണ്ണി നായർ, താളം .ഗുരുവായൂർ ഷൺമുഖൻ എന്നിവർ പഞ്ചവാദ്യത്തിന് കൊഴുപ്പേകി.ഇന്നു രാവിലെ 9 മണിക്ക് തുടങ്ങിയ പ്രസാദ ഊട്ട് വൈകിട്ട് ആറു മണിയോടെയാണ് അവസാനിച്ചത്.ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടിൽ അരലക്ഷത്തോളം പേർ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ ദ്വാദശി ഊട്ട് ആരംഭിക്കും.ദ്വാദശി പണ സമർപ്പണം കഴിഞ്ഞ് നട അടക്കുന്ന ഒമ്പത് വരെ ഊട്ട് നടക്കും. കാളൻ, ഓലൻ, എരിശേരി, മോര്, വറുത്തുപ്പേരി, പപ്പടം, നെല്ലിക്ക ഉപ്പിലിട്ടത്, ഇടിച്ചു പിഴിഞ്ഞ പായസം എന്നിവയാണ് വിഭവങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *