പുന്നയൂർക്കുളം:സംസ്ഥാന പാത ഗുരുവായൂർ – ആൽത്തറ റോഡിൽ നായരങ്ങാടിയിൽ ജല ജീവൻപദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ കുഴിച്ച കാനയിൽ വാഹനങ്ങൾ താഴുന്നത് പതിവാകുന്നു. നായരങ്ങാടി പെട്രോൾ പമ്പിന് മുൻവശത്ത് ഞായറാഴ്ച സിമൻ്റു മായി വന്ന നാഷ്ണൽ പെർമിറ്റ് ലോറി താഴ്ന്നു. രാവിലെ 8 മണിയോടെ താഴ്ന്ന ലോറി ഏറെ പണിപെട്ട് ഉച്ചക്ക് 12 മണിയോടെയാണ് കുഴിയിൽ നിന്ന് കയറ്റിയത്.കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായി. കായ കയറ്റി വന്ന ലോറിയും മണികണ്ഠേശ്വരത്ത് ഗ്യാസ് വണ്ടിയും റോഡരികിലെ കാനയിൽ താഴ്ന്നു. കാനയിലെ മണ്ണ് എടുത്ത് മാറ്റി ഇതിൽ മെറ്റൽ ഇട്ടാണ് തൂർക്കുന്നത്. ഇതുമൂലം വാഹനയാത്രക്കാർക്ക് റോഡിലെ കുഴി മനസ്സിലാവാത്തതാണ് നിരന്തരമായി അപകടം ഉണ്ടാകുന്നതിന് പ്രധാന കാരണം. കാനയിൽ നിന്നെടുക്കുന്ന മണ്ണ് അനധികൃതമായി മറ്റ് പദ്ധതികൾക്കായി ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. മണ്ണിൻ്റെ ക്ഷാമവും ഭീമമായ വിലയും കാരണം കാനയിൽ നിന്ന് മണ്ണ് എടുത്ത് മറിച്ച് വിൽക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. നാല് അടിയോളം താഴ്ച്ചയിൽ മണ്ണ് എടുത്ത് ഈ ഭാഗങ്ങളിൽ വലിയ മെറ്റലുകൾ ഇട്ട് അശാസ്ത്രീയമായി തൂർക്കുകയാണ്. മഴ പെയ്തതോടെ മെറ്റലുകൾ ഇട്ട ഭാഗങ്ങളിൽ വെള്ളമിറങ്ങി വൻ കുഴികൾ രൂപപെടുന്നതിനാൽ സമീപത്തെ കടകളിലേക്ക് ജനങ്ങൾക്ക് കയറാനും പറ്റാത്ത സ്ഥിതിയാണ്
റോഡിലെ അശാസ്ത്രീയമായ പൈപ്പിടൽ; നായരങ്ങാടിയിൽ വാഹനങ്ങൾ കുഴിയിൽ താഴുന്നത് പതിവാകുന്നു
