ചാവക്കാട് :യുവാക്കളെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 14 വർഷം കഠിനതടവും 75,000 രൂപ പിഴയും.ചാവക്കാട് മുതവട്ടൂർ തെരുവത്ത് വീട്ടിൽ തനൂഫ് കുഞ്ഞുമോൻ(35) നെയാണ് ചാവക്കാട് അസിസ്റ്റന്റ് കോടതി വിവിധ വകുപ്പുകളിലായ 14 വർഷം കഠിനതടവിനും 75000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
13 സെപ്റ്റംബർ 2018നാണ് കേസിനാസ്പദമായ സംഭവം.
കുട്ടികൾ ജെല്ലിബോൾ കളിക്കുമ്പോൾ പ്രതികളുടെ ദേഹത്ത് തട്ടിയത് സംബന്ധിച്ച വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണം.ഈ കേസിലെ ഒന്നാംപ്രതി ചാവക്കാട് ആലുംപടി പോക്കാകില്ലത്ത് വീട്ടിൽ ഷഹസ് കരീം (31)നെ വിവിധ വകുപ്പുകളിലായി 14 വർഷം കഠിനതടവിനും 75000 രൂപ പിഴയടക്കുന്നതിനും, പിഴയടച്ചില്ലെങ്കിൽ 9 മാസം കഠിനതടവിനും കഴിഞ്ഞ ഏപ്രിൽ രണ്ടിന് കോടതി ശിക്ഷിച്ചിരുന്നു.
ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ.എ ഫക്രുദീൻ മൊഴിയെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും ഇപ്പോൾ തൃശ്ശൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി യുമായ ഇ.ബാലകൃഷ്ണനാണ് പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ സംഘത്തിൽ ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ, ഷാജുകുമാർ, ലിജോ എന്നിവരും ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. ആർ രജിത് കുമാർ ഹാജരായി. കോർട്ട് ലൈസൻ ഓഫീസറായ എ എസ് ഐ പി.ജെ സാജനും പ്രോസിക്യൂഷന് സഹായിച്ചു
യുവാക്കളെ ആക്രമിച്ച കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 14 വർഷം കഠിനതടവും 75,000 രൂപ പിഴയും
