സുജിത്തിനെ അതിക്രൂരമായി മർദിച്ച പോലീസുകാരെ സർവീസിൽനിന്ന് പിരിച്ചുവിടണം;രമേശ് ചെന്നിത്തല

കുന്നംകുളം: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ അതിക്രൂരമായി മർദിച്ച പോലീസുകാരെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുജിത്തിനെ പോലീസ് ക്രൂരമായി മർദിച്ചതിന് മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ചെന്നിത്തല പറഞ്ഞു. മർദനത്തിനിരയായ സുജിത്തിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയുടെ മൗനം നാട്ടിൽ ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നതിന് പ്രേരണയുണ്ടാക്കും. പോലീസ് സ്റ്റേഷനുകൾ കോൺസൻട്രേഷൻ ക്യാമ്പുകൾ അല്ല. ഈ വകുപ്പ് ഭരിച്ച ഒരാളാണ് താൻ. അന്ന് പൊതുജനങ്ങളെ മർദിക്കാൻ പാടില്ല എന്ന ശക്തമായ നിർദേശം സ്റ്റേഷനുകൾക്ക് നൽകിയിരുന്നു. ഇന്ന് ഇത്തരം നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥയാണ്. പോലീസ് വകുപ്പ് നാഥനില്ല കളരിയായിരിക്കുന്നു.പിണറായിയുടെ പോലീസ് നയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സുജിത്ത്. പിണറായി സർക്കാരിന്റെ പോലീസ് നയത്തിന്റെ ഭാഗമാണിത്. നാല് പോലീസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര, അവരെ സർവ്വീസിൽനിന്നും പുറത്താക്കുകയാണ് വേണ്ടത്. കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള നാല് പോലീസ് ഉദ്യോഗസ്ഥരെയും പിരിച്ചുവിടണം.

Leave a Reply

Your email address will not be published. Required fields are marked *