ചാവക്കാട്:ആരോഗ്യപൂർണ്ണമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ചാവക്കാട് നഗരസഭയും ആയുഷ് പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹെൽത്തി കേരള’ ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും ഇന്ന് നടക്കും. ചാവക്കാട് നഗരസഭ ചത്വരത്തിൽ വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന പരിപാടി എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് സ്വാഗതമാശംസിക്കും.
നല്ല ഭക്ഷണ ശീലങ്ങളിലൂടെയും ചിട്ടയായ ജീവിതത്തിലൂടെയും ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട സായാഹ്നം ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നീ ചികിത്സാ വിഭാഗങ്ങളിലെ വിദഗ്ദ്ധർ നയിക്കുന്ന പ്രഭാഷണങ്ങളും ആരോഗ്യ ക്ലാസുകളും നടക്കും. കൂടാതെ,ഫുഡ് എക്‌സ്‌പോ പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. നോമ്പുകാലമായതിനാൽ അന്നേ ദിവസം പ്രത്യേക ഇഫ്താർ വിരുന്നും ചാവക്കാട് നഗരസഭ ചത്വരത്തിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ വല്ലഭട്ട കളരിയുടെ കളരിപ്പയറ്റ് പ്രദർശനവും,യോഗ ഡാൻസും ‘ മലബാറി ‘ ബാൻഡ് അവതരിപ്പിക്കുന്ന ഗ്രാൻഡ് പിയാനോ ലൈവ് മ്യൂസിക്കും ഉൾപ്പെടെ വൈവിധ്യമാർന്ന കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടും.
ചാവക്കാട് ‘ഹെൽത്തി കേരള’ ക്യാമ്പയിനും എക്‌സ്‌പോയും ഇന്ന്
