മിശിഹായുടെ പിറന്നാളിന് ഗുരുവായൂരപ്പന് പാൽപ്പായസം വഴിപാടാക്കി ആരാധകനായ ഒ.കെ. ആർ മണികണ്ഠൻ

ഗുരുവായൂർ: ലോകകപ്പ് ഫുട്ബോൾ ആവേശം ലോകമെങ്ങും അലയടിക്കുമ്പോൾ കേരളത്തിലും അതിന്റെ ആവേശം ഒട്ടും കുറവല്ല. അതിനിടെ, അർജന്റീനൻ സൂപ്പർതാരം ലയണൻ മെസിയുടെ 39-ാം പിറന്നാളിനോടനുബന്ധിച്ച് ഗുരുവായൂരപ്പന് പാൽപ്പായസം വഴിപാടായി സമർപ്പിച്ച് ശ്രദ്ധനേടുകയാണ് കടുത്ത ആരാധകനായ ഒ.കെ.ആർ. മണികണ്ഠൻ.
മെസിക്ക് ദീർഘായുസ്സും മികച്ച ആരോഗ്യവും ലഭിക്കട്ടെയെന്നും, ലോകകപ്പിൽ വീണ്ടും കിരീട നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെയെന്നും പ്രാർത്ഥിച്ചാണ് പൊതുപ്രവർത്തകൻ കൂടിയായ മണികണ്ഠൻ തന്റെ ഇഷ്ടദേവനായ ഗുരുവായൂരപ്പന് ആയിരം രൂപയുടെ പാൽപ്പായസം വഴിപാട് നടത്തിയത്.വഴിപാടാക്കിയ പാൽപ്പായസം ഭക്തർക്കും സന്ദർശകർക്കും വിതരണം ചെയ്തു. ഫുട്ബോളിനോടും മെസിയോടുമുള്ള തന്റെ സ്നേഹത്തിന്റെ പ്രതീകമായാണ് ഈ വഴിപാടെന്ന് മണികണ്ഠൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *