കുന്നംകുളം:ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വൻ സംഘം കുന്നംകുളത്ത് എത്തിയതായി സൂചന.കുന്നംകുളം ആർത്താറ്റ് സെന്റ്മേരിസ് ഓർത്തഡോക്സ് പള്ളിയിൽ കുർബാനയ്ക്കെത്തിയ രണ്ട് സ്ത്രീകളുടെ മാല കവർന്നു. കുന്നംകുളം തലക്കോട്ടുകര ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിനെത്തിയ മൂന്നു സ്ത്രീകളുടെ മാല കവർന്നതിന് പിന്നാലെയാണ് കുന്നംകുളം ആർത്താറ്റ് പള്ളിയിലും കഴിഞ്ഞ ദിവസം കുർബാനക്കെത്തിയ സ്ത്രീകളുടെ മാല കവർന്നത്.സംഭവത്തിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനക്കാർ കുന്നംകുളത്ത് എത്തിയതാണ് സൂചന. പഴഞ്ഞി സ്വദേശിനി കൂത്തുർ വീട്ടിൽ ജോർജിന്റെ ഭാര്യ മേരി (65)യുടെ രണ്ടേകാൽ പവൻ തൂക്കവും 125000/- രൂപ വില വരുന്ന മാലയും, ആർത്താറ്റ് കോലാടി വീട്ടിൽ കൊച്ചുമോന്റെ ഭാര്യ ശൈനി (58)യുടെ മൂന്നേകാൽ പവൻ തൂക്കവും 150000 രൂപ വിലയും വരുന്ന മാലകളാണ് ആർത്താറ്റ് പള്ളിയിൽ നിന്നും മോഷണം പോയത്. സംഭവത്തിൽ ഇരുവരും കുന്നംകുളം പൊലീസിൽ പരാതി നല്കി. മേഖലയിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് മോഷ്ടാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം കുന്നംകുളത്ത്; ആർത്താറ്റ് പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ സ്ത്രീകളുടെ മാല കവർന്നു
