നാടും നഗരവും ഒരുങ്ങി…  പൂരങ്ങളുടെ പൂരം ഇന്ന്

തൃശൂർ: ചരിത്രപ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്.മനവും മാനവും ഒരുപോലെ വർണാഭമാകുന്ന സുദിനം,മേടച്ചൂടിനെ മറന്ന് പൂരത്തിൻ്റെ മാസ്മരികതയിൽ ലയിക്കാൻ പതിനായിരങ്ങൾ പൂരനഗരിയിലേക്ക് ഒഴുകിയെത്തുന്ന ദിനം. വടക്കുംനാഥന്റെ തിരുസന്നിധിയിൽ ഇന്ന് പുലർച്ചെ മുതൽ നാളെ ഉച്ചവരെ 36 മണിക്കൂർ നീണ്ടുനിൽക്കുന്ന സമാന തകളില്ലാത്ത വിശ്വസൗന്ദര്യത്തിൻ്റെ മാസ്‌മരിക സിംഫണി. പുരത്തെ വരവേല്‌ക്കാൻ നാടും നഗരവും മണ്ണും വിണ്ണും ഒരുപോലെ സജ്ജം. ഇത് മതമൈത്രിയുടെ സംഗമഭൂമി.ഇവിടെ എല്ലാം പൂരമയം. കണിമംഗലം ദേശത്തുനിന്നും ശാസ്‌താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമാവുക.രാവിലെ 7.30ന് ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എത്തും. ഇതിനു പിന്നാലെ ഘടക പൂരങ്ങൾ ഒന്നൊന്നായി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രയാണം തുടങ്ങും. പഞ്ചവാദ്യവും പാണ്ടിമേളവും നാഗസ്വരവും ഓരോ ഘടകപൂരങ്ങളിലും വാദ്യവിസ്‌മയം തീർക്കും.പനമുക്കും പിള്ളി, ചെമ്പൂക്കാവ്,കാരമുക്ക്, ലാലൂർ,ചൂരക്കോട്ടുകാവ്,അയ്യ ന്തോൾ,നെയ്തലക്കാവ് വിഭാഗങ്ങളുടെ ഘടകപൂരങ്ങൾ ഒന്നിന് പിറകെ ഒന്നായി നഗരത്തിലെത്തി വടക്കുന്നാഥനെ വണങ്ങി മടങ്ങും.ഘടകപൂരങ്ങളുടെ വരവാണ് തൃശൂർ പൂരത്തെ സമ്പൂർണമാക്കുന്നത്. എട്ട് ഘടക പൂരങ്ങളിലായി 71 ഗജവീരന്മാർ അണിനിരക്കും.തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും പൂരനഗരിയെ ആവേശഭരിതമാക്കും. മഠത്തിൽ വരവ് രാവിലെ 11നും ഇല ഞ്ഞിത്തറമേളം രണ്ടിനും കുടമാറ്റം വൈകിട്ട് 5.30 നും അരങ്ങേറും.പൂരത്തിൽ തിരുവമ്പാടിയുടെ പ്രസിദ്ധമായ മഠത്തിൽ വരവിന് ഇക്കുറിയും കോങ്ങാട് മുധുവാണ് പ്രമാണം വഹിക്കുന്നത്.പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻമാരാരാണ് നേതൃത്വം നൽകുക.അന്നമനട പരമേശ്വരമാരാർ ഒഴിഞ്ഞതോടെയാണ് മഠത്തിൽ വരവിന്റെ പ്രമാണം ഏറ്റെടുക്കാനുള്ള നിയോഗം കോങ്ങാട് മധുവിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം മുതലാണ് ചോറ്റാനിക്കര നന്ദപ്പൻ മാരാർ പാറമേക്കാവിന്റെ പ്രാമാണിയാകുന്നത്.കൃത്യം രണ്ടിന് തന്നെ ചരിത്രപ്രസിദ്ധമായ ഇലഞ്ഞിത്തറമേളം ആരംഭിക്കും. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ മുന്നോറോളം ക
ലാകാരന്മാർ പങ്കെടുക്കും.4.30ന് മേളം സമാപനം.നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന പാണ്ടിമേള
ത്തിൽ വാദ്യകലാരംഗത്തെ കുലപതികൾ പങ്കെടുക്കും. കൂത്തമ്പലത്തിനു മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാർത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്.വൈകിട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കും നാഥനെ വലംവച്ച് തെക്കോട്ടിറങ്ങുകയായി.
ഇലഞ്ഞിത്തറമേളത്തിന് ശേഷമാണ് തെക്കോട്ടിറക്കം. പാറമേക്കാവ്,തിരുവമ്പാടി ക്ഷേത്രങ്ങൾ ഗജവീരൻമാരെ അണിനിരത്തി പരസ്‌പരം മത്സരിക്കുന്ന കാഴ്‌ചയാണ് പൂര ദിനത്തിലെ മുഖ്യ ആകർഷണങ്ങളിലൊന്ന്.ആനകളും വാദ്യക്കാരും പടിഞ്ഞാറെ ഗോപുരം വഴി അകത്ത് പ്രവേശിച്ച് വൈകിട്ട് 5.10 ന് ആനകൾ തെക്കേഗോപുരം ഇറങ്ങി നിരന്ന് നിൽക്കുന്നു. 5.30ന് കുടമാറ്റം.ഒരുമണിക്കൂർ നീണ്ടുനിൽക്കുന്ന കുടമാറ്റം തന്നെയാണ് ഏറെ ആകർഷിക്കുന്ന കാഴ്ച.തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങൾ മുഖാമുഖം നിന്ന് വർണക്കുടകൾ വാനിൽ ഉയർത്തുന്നതോടെ കുടമാറ്റത്തി ന് തുടക്കമാകും. പുരുഷാരത്തിന്റെ ആർ പ്പുവിളികളുടെ ആവേശത്തിൽ വിവിധ വർണങ്ങൾ വാനിലുയരും.6.30ന് കുടമാറ്റം കഴിഞ്ഞ് തിരുവമ്പാടി ഭഗവതി എം.ഒ. റോഡിൽ കൂടി നീങ്ങി രാജാവിൻ്റെ പ്രതിമ വരെ പോയി തിരിച്ച് റൗണ്ടിൽ എത്തി 15 ആന കളുമായി നിരന്ന് നിൽക്കുന്നു.
രാത്രി 11.30ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ മഠത്തിൽ നിന്ന് മൂന്ന് ആനയുടെ എഴുന്നള്ളിപ്പ് ആരംഭിക്കുന്നു.ശനിയാഴ്‌ച പുലർച്ചെ 2.30 ന് നായ്ക്കനാൽ പന്തലിൽ എഴുന്നള്ളിപ്പ് അവ സാനിക്കുന്നു.മൂന്നിനും ആറിനും ഇടയിലാണ് പ്രധാന വെടിക്കെട്ട്.
ശനിയാഴ്ച രാവിലെ 8.30ന് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തോട് കൂടി ശ്രീമൂല സ്ഥാനത്തേക്ക് പോകുന്നു. നായ്ക്കനാൽ മുതൽ ശ്രീമൂലസ്ഥാനം വരെ കുടമാറ്റവും ഉണ്ടായിരിക്കും.ഉച്ചയ്ക്ക് 12.30നും ഒന്നിനും ഇടയിലാണ് സ മാപന വെടിക്കെട്ട്. ശ്രീമൂലസ്‌ഥാനത്ത് രണ്ടു ഭഗ വതിമാരും വിടച്ചൊല്ലി തിരിച്ചുപോകുന്നു.അടുത്ത പൂരത്തിന്റെ തീയതി പ്രഖ്യാപിച്ച് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരത്തിന് സമാപനം കുറിക്കും.. വീണ്ടും അടുത്ത പൂരത്തിന് കാണാം എന്ന ഉറപ്പോടെ.

Leave a Reply

Your email address will not be published. Required fields are marked *