കുന്നംകുളം:ആധുനിക മലങ്കരസഭയുടെ ശിൽപിയും കേരള നവോത്ഥാനത്തിന് നിസ്‌തുലമായ സംഭാവനകളും നൽകിയ സഭാതേജസ്സ് പരിശുദ്ധ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് രണ്ടാമൻ മലങ്കര മെത്രാപ്പോലീത്തായുടെ 115-ാം ഓർമ്മപ്പെരുന്നാളും, മലങ്കരസഭയുടെ പ്രധാന മേലധ്യക്ഷനായും കുന്നംകുളം ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലി ക്കാബാവായുടെ 3-ാം ഓർമ്മ പെരുന്നാളും സംയുക്തമായി ജൂലൈ 14,15 തിയ്യതികളിലായി ആർത്താറ്റ് സെന്റ് ഗ്രീഗോറിയോസ് അരമനചാപ്പലിൽ ഭക്തിനിർഭരമായി ആചരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 14 ന് ഞായറാഴ്ച്ച വൈകീട്ട് 5ന്
കുന്നംകുളം ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലേയും വിശ്വാസികൾ വൈശ്ശേരി സെന്റ്റ് ഗ്രീഗോറിയോസ് പള്ളിയിൽ സംഗമിച്ച് പദയാത്ര ആരംഭിക്കും. 6.30 ന് പദയാത്രികർക്ക് ആർത്താറ്റ് അരമന ചാപ്പലിൽ സ്വീകരണം നൽകും.
വൈകീട്ട് 7ന് സന്ധ്യാനമസ്കാരം, 8 ന് അനുസ്‌മരണ പ്രഭാഷണം, 8.30 ന് പ്രദക്ഷിണം തുടർന്ന് ശ്ലൈഹീക വാഴ് വ് ശേഷം സ്നേഹവിരുന്നും ഉണ്ടാകും.15ന് രാവിലെ 6.15ന് പ്രഭാത നമസ്ക്കാരം 7 ന് വി.കുർബ്ബാന, പ്രദക്ഷിണം തുടർന്ന് ആശിർവാദം ശേഷം സ്നേഹവിരുന്നും ഉണ്ടാകും.
പെരുന്നാൾ ശുശ്രൂഷകൾക്ക് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ മുഖ്യ കാർമ്മികത്വം വഹിക്കും. കുന്നംകുളം ഭദ്രാസനത്തിന്റെ അഭിവന്ദ്യ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയും യു.കെ,യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തായും സഹകാർമ്മികത്വം വഹിക്കും.
പെരുന്നാളിനോടനുബന്ധിച്ച് അരമനയിൽ നിർമ്മിച്ചിരിക്കുന്ന പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ സ്‌മാരക ലൈബ്രറി & മ്യൂസിയത്തിന്റെ കൂദാശ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ജന.കൺവീനർ ഫാ.ജോസഫ് ചെറുവത്തൂർ, പബ്ലിസിറ്റി ചെയർമാൻ ഫാ.സക്കറിയ കൊള്ളന്നൂർ, പബ്ലിസിറ്റി കൺവീനർ കെ. എഡ് വി സഖറിയ,ജോ.ജന.കൺവീനർ സി കെ മോഹൻ തുടങ്ങിയവർ പങ്കെടുത്തു
ഓർത്തഡോക്സ് സഭാ പിതാക്കന്മാരുടെസംയുക്ത ഓർമ്മപ്പെരുന്നാൾ ജൂലൈ 14,15 തിയ്യതികളിൽ
