വിജിത്തിന്റെ കരവിരുതിൽ വിരിഞ്ഞത് ലക്ഷണമൊത്ത കരിവീരൻ

ഗുരുവായൂർ.നാട്ടാനകളുടെ കേന്ദ്രമായ ഗുരുവായൂരിൽ തന്റെ കരവിരുത്കൊണ്ട് ലക്ഷണമൊത്ത ഒരു കരിവീരനെ തീർത്ത് വിസ്മയിപ്പിക്കുകയാണ് നിർമ്മാണ തൊഴിലാളിയായ വിജിത്ത്. സുന്ദരങ്ങളായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതോടൊപ്പം തന്റെ കൈകളുടെ മാസ്മരീകത കൊണ്ട് എന്തെങ്കിലും തരത്തിലുള്ള രൂപങ്ങളൊ കലാ സൃഷ്ടികളും ഉണ്ടാക്കി വെക്കുകയെന്നത് കാവീട് കുറുവായി പറമ്പിൽ കെ യു  വിജിത്ത് എന്ന 34 കാരൻ്റെ പതിവാണ്. ഇത്തരത്തിൽ പല രൂപങ്ങളും നിർമ്മിക്കുന്നതു കണ്ട ഒരു വീട്ടുടമസ്ഥൻ  വിജിത്തിനോട് മൃഗങ്ങളുടെ രൂപമുണ്ടാക്കി വീട്ടിൽ സ്ഥാപിക്കണമെന്ന്  ആവശ്യമുന്നയിച്ചു.അല്പം ആശങ്കയോടെ പണി ചെയ്തു നോക്കിയെങ്കിലും ചെയ്തുവന്നപ്പോൾ മനോഹരമായ രൂപമായി പരിണമിക്കുകയായിരുന്നു. ഇതോടെ രൂപങ്ങളുണ്ടാക്കുക എന്ന തന്റെ  ഇഷ്ടത്തെ മുറുകെ പിടിച്ചു. രൂപങ്ങൾ കമ്പിയിലും സിമന്റിലുമായി  ഉണ്ടാക്കുമ്പോഴുള്ള സാമ്പത്തീക ചിലവ് വഹിക്കാനുള്ള  ശേഷിയൊന്നും സാധാരണ തൊഴിലാളിയായ വിജിത്തിനും കുടുംബത്തിനും ഉണ്ടായിരുന്നില്ല. എന്നാൽ വിജിത്ത് പണിക്കുപോകുന്ന പല വീട്ടുകാരും അവരുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് രൂപങ്ങളുണ്ടാക്കിക്കുകയാണ് പതിവ്.വിജിത്ത് സൃഷ്ടിക്കുന്ന രൂപങ്ങൾ  വലിയ തോതിൽ കാഴ്ചക്കാരെ ആകർഷിക്കുന്നുണ്ടെങ്കിലും ആനകളുടെ രൂപമാണ്  വിജിത്തിന്റെ മാസ്റ്റർ പീസ്. ചെറിയ രൂപങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും വിജിത്തിന്റെ കരവിരുത് കണ്ട്  അയൽവാസിയായ മമ്പറമ്പത്ത് രജീഷ് വലിയ ആനയെ തന്നെ നിർമ്മിക്കാൻ ആവശ്യപ്പെടുകയായിരുന്നു.    100000 രൂപ ചിലവ് കണക്കാക്കി പണി ആരംഭിച്ചെങ്കിലും 80000 രൂപ ചിലവിൽ ലക്ഷണമൊത്ത ഒരു കൊമ്പനെ നിർമ്മിക്കാനായി.  നിർമ്മാണത്തിനായുള്ള സൗകര്യം തന്റെ ചെറിയ വീട്ടുപരിസരത്തില്ലാത്തതിനാൽ നഗരസഭയുടെ വയോജന വിശ്രമ കേന്ദ്രത്തിന് സമീപം വച്ചായിരുന്നു  നിർമ്മാണം.പണി ആരംഭിച്ചത് മുതൽ തന്നെ കാഴ്ചക്കാരും ഏറെയാണ് എത്തിയത്. വയോജന വിശ്രമ  കേന്ദ്രത്തിലെത്തുന്നവർ മാത്രമല്ല നിർമ്മാണം പൂർത്തിയായപ്പോൾ എൻ കെ അക്ബർ എം എൽ എ,ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, തുടങ്ങിയ നിരവധി പ്രമുഖരും എത്തി വിജിത്തിന്റെ സൃഷ്ടികണ്ട് അഭിനന്ദിച്ചു. ഉണ്ണിയാണ് വിജിത്തിന്റെ അച്ഛൻ.അമ്മ: പരേതയായ രാധ

Leave a Reply

Your email address will not be published. Required fields are marked *