വടക്കേക്കാട് :ഞമനേങ്ങാട് മഹാദേവക്ഷേത്രത്തിൽ ജീർണോദ്ധാരണം ചെയ്യപ്പെട്ട മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രതിഷ്ഠയും ഉപദേവ പ്രതിഷ്ഠകളും മാർച്ച് 28 മുതൽ ഏപ്രിൽ 2 വരെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറ് ദിവസങ്ങളിലായി നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകൾക്ക് പാതിരാക്കുന്നത്ത് പ്രസാദ് നമ്പൂതിരി,കക്കാട് ദയാനന്ദൻ നമ്പൂതിരി, പുലിയന്നൂർ ശങ്കരനാരായണൻ, പുത്തില്ലത്ത് മഹേഷ് നമ്പൂതിരി, പൂങ്ങാട്ട് മുരളി നമ്പൂതിരി,തോട്ടം ശിവകരൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നല്കും. 28 ന് വൈകീട്ട് 6.30 ന് ആചാര്യവരണത്തോടെ പൂജകൾക്ക് തുടക്കമാവും. ഏപ്രിൽ 2 ന് ആറാം ദിവസം രാവിലെ 5.30 മുതൽ ഗണപതിഹോമം,വിശേഷാൽ പൂജകൾ,9 നും10.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ,
മഹാവിഷ്ണുവിന് പ്രസാദ പ്രതിഷ്ഠ,നപുംസക ശിലാ പ്രതിഷ്ഠ,വലിയപാണി, ജീവകലശം ശ്രീകോവിലേക്ക് എഴുന്നള്ളിക്കൽ എന്നീ ചടങ്ങുകൾ നടക്കും. ഇതോടൊപ്പം അയ്യപ്പൻ,ഭദ്രകാളി, ഗണപതി എന്നീ ഉപദേവന്മാരുടെയും സർപ്പക്കാവിന്റെയും പ്രതിഷ്ഠയും നടത്തും. തുടർന്ന് വിശേഷാൽ പൂജകൾ, ഉച്ചപൂജ , പ്രതിഷ്ഠാ ബലി,നിത്യനിദാനം നിശ്ചയിക്കൽ, പ്രതിഷ്ഠാ ദക്ഷിണയും നടക്കും. വൈകീട്ട് 5.30 മുതൽ ദർശന പ്രധാനമുള്ള സർപ്പബലി, അത്താഴ പൂജയോടുകൂടി ചടങ്ങുകൾ സമാപിക്കും.എല്ലാ ദിവസവും പ്രസാദ ഊട്ട്, രാത്രി 7 മുതൽ നാടൻ പാട്ട്, നാടകം,മിമിക്രി, തിരുവാതിരക്കളി, നിർത്തനത്യങ്ങൾ,വീരനാട്ട്യം എന്നിവയുണ്ടാകും.
ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല പ്രശ്നത്തിൽ മഹാവിഷ്ണുവിൻ്റെ സാന്നിധ്യവും ക്ഷേത്ര വളപ്പിൽ ശിലയും കണ്ടെത്തിയതിനെ തുടർന്നാണ് മഹാവിഷ്ണുവിനും ഉപദേവന്മാർക്കും ക്ഷേത്രം പണിതത്. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് പി വി വിജയൻ, സെക്രട്ടറി എൻ ആർ രാജേഷ്, ടി കൃഷ്ണദാസ്, വി എൻ കേശവൻ നായർ എന്നിവർ പങ്കെടുത്തു.
ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തിൽ മഹാവിഷ്ണു,ഉപദേവത പ്രതിഷ്ഠ മാർച്ച് 28 ന് തുടങ്ങും
