വിപ്ലവ സൂര്യന് വിട…

തിരുവനന്തപുരം: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാന്ദൻ (102) അന്തരിച്ചു. വി എസ് എന്ന രണ്ടക്ഷരത്തിലൂടെ മലയാളിയുടെ മനസിൽ വിപ്ലവ വെളിച്ചമായി പതിഞ്ഞ ജനകീയ നേതാവ് ഇനി ഓർമകളിലെ ജ്വലിക്കുന്ന പ്രചോദനമാവും.
ദേഹാസ്വാസ്ഥ്യത്തെതുടർന്ന് കഴിഞ്ഞമാസം 23നാണ് തിരുവനന്തപുരം എസ്‌ടി ആശുപത്രിയിൽ വി എസിനെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്‌ച വൈകുന്നേരം 3.20 ഓടെയാണ് മരണം. ഇന്ന് വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതു ദർശനം ഉണ്ടാകും. രാത്രിയിൽ പൊതുദർശനം അനുവദിക്കും.രാത്രിയോടുകൂടി വീട്ടിലെത്തിക്കും. ചൊവ്വ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് പോകും. ബുധൻ രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്‌കാരം.നൂറ്റിരണ്ട് വയസ് പിന്നിട്ട വി എസ് പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി തിരുവനന്തപുരത്ത് മകന്റെ വസതിയായ ‘വേലിക്കകത്ത്’ വീട്ടിൽ ചികിത്സയിലായിരുന്നു. പ്രായാധിക്യത്തെ തുടർന്ന് പൂർണവിശ്രമത്തിലായിരുന്നു അദ്ദേഹം. ഭാര്യ:കെ വസുമതി. മക്കൾ: വി എ അരുൺകുമാർ, ഡോ. വി ആശ. മരുമക്കൾ: രജനി ബാലചന്ദ്രൻ, ഡോ.തങ്കരാജ്.
ഒരു തവണ കേരള മുഖ്യമന്ത്രിയും മൂന്ന് തവണ പ്രതിപക്ഷ നേതാവുമായിരുന്നു. ഏഴു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2006-11 കാലത്താണ് കേരള മുഖ്യമന്ത്രി പദത്തിലെത്തുന്നത്. നിരവധി ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം 1980 മുതൽ 1991 വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ സിപി എം സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാണ്.
1923 ഒക്ടോബർ 20ന് ആലപ്പുഴ ജില്ലയിലെ പുന്നപ്ര വെന്തലത്തറ വീട്ടിൽ അയ്യൻ ശങ്കരന്റെയും അക്കമ്മ എന്ന കാർത്ത്യായനിയുടെയും രണ്ടാമത്തെ മകനായാണ് വി എസ് അച്യുതാന്ദൻ
ജനിച്ചത്. പുന്നപ്ര പറവൂർ ഗവ. സ്കൂളിലും കളർകോട് സ്കൂകൂളിലുമായിരുന്നു വിദ്യാഭ്യാസം. ദാരിദ്ര്യവും ദുരിതവും നിറഞ്ഞതായിരുന്നു വി എസിന്റെ ബാല്യകാലം.
നന്നേ ചെറുപ്പത്തിൽ, നാലാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടു. വസൂരി ബാധിച്ചതിനെ തുടർന്നായിരുന്നു അമ്മയുടെ മരണം. ഏഴാം ക്ലാസിൽ പഠിക്കവെ അച്ഛനും മരിച്ചു. അതോടെ പഠനം നിർത്തി ജ്യേഷ്‌ഠന്റെ തുണിക്കടയിൽ സഹായിയായി. പിന്നീട് ആലപ്പുഴ ആസ്‌പിൻ വാൾ കയർ കമ്പനിയിൽ തൊഴിലാളിയായി. മൂന്നുകൊല്ലം അവിടെ പണിയെടുത്തു.
17-ാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗമാകുന്നത്. വി എസിലെ സംഘടനാപാടവം കണ്ടെത്തി, കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾക്കിടയിലേക്ക് പാർടി വളർത്താൻ വി എസിന് പ്രചോദനം നൽകിയത് പി കൃഷ്‌ണപിള്ളയായിരുന്നു. പുന്നപ്ര വയലാർ സമരകാലത്തും പിന്നീട് അടിയന്തരാവസ്ഥക്കാലത്തും അറസ്റ്റിലാവുകയും പൊലീസിന്റെ ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *