ഗുരുവായൂർ ജി യു പി സ്കൂളിൽ “ചങ്ങാതിക്ക് ഒരു തൈ “പദ്ധതി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:പാഠപുസ്തകങ്ങൾക്കൊപ്പം ചങ്ങാതിക്ക് കൈമാറാനുള്ള വൃക്ഷത്തൈകളുമായാണ് ഗുരുവായൂർ ജി യു പി സ്കൂളിലെ വിദ്യാർത്ഥികളെത്തിയത്. മാവ്,പ്ലാവ്, പേര, സപ്പോട്ട, ചാമ്പ, അരിനെല്ലി, ആര്യവേപ്പ്, കറിവേപ്പില, മുരിങ്ങ എന്നിങ്ങനെയുള്ള വിവിധതരം വൃക്ഷത്തൈകൾ കുട്ടികൾ കൊണ്ടുവന്നു.കുട്ടികൾ പരസ്പരം തൈകൾ കൈമാറി.പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിനാണ് “ചങ്ങാതിക്ക് ഒരു തൈ” എന്ന പദ്ധതി ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഇങ്ങനെ പരസ്പരം കൈമാറിയ വൃക്ഷത്തൈകൾ വീടുകളിൽ കൊണ്ടുപോയി നട്ടു പിടിപ്പിക്കുന്നതിനും അതിനെ പരിപാലിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ അധ്യാപകർ നൽകി.നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ നഗരസഭ, ഹരിത കേരളം മിഷൻ എന്നിവർ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു കോടി ജനകീയ വൃക്ഷവത്ക്കരണം- ഒരു തൈ നടാം ക്യാമ്പയിന്റെ ഭാഗമായാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്. നഗരസഭ ചെയർപേഴ്സൺ എം കൃഷ്ണദാസ് പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ ശ്രീമതി അനീഷ്മ ഷനോജ് അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷൈലജ സുധൻ, എം സായിനാഥൻ മാസ്റ്റർ, കൗൺസിലർമാരായ ദീപ ബാബു, ബബിത മോഹൻ, കെ പി ഉദയൻ, ശോഭ ഹരിനാരായണൻ, ഹരിത കേരളം മിഷൻ ബ്ലോക്ക് കോഡിനേറ്റർ ത്രീവിക്രമദേവ്, പ്രധാന അധ്യാപിക സിന്ധു പി ആർ, എ ഇ ഒ സിന്ധു വി. ബി, ബിപിസി സംഗീത എം.ടി, സ്കൂൾ ലീഡർ പാർവണി കെ സന്ദീപ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബിന്ദു കെ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *