ചാവക്കാട്:സംസ്ഥാന സർക്കാരിന്റെ ‘വിജ്ഞാനകേരളം’ പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരുലക്ഷം തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ചാവക്കാട് നഗരസഭ ‘ഉയരെ 2025’ പ്രാദേശിക തൊഴിൽ മേള ഓഗസ്റ്റ് 25-ന് രാവിലെ 10 ന് എൻ.വി. സോമൻ സ്മാരക ഹാളിൽ നടക്കും. തൊഴിൽമേളയുടെ ഉദ്ഘാടനം എൻ.കെ. അക്ബർ എംഎൽഎ നിർവഹിക്കും.
ഐ.ടി,അക്കൗണ്ടിംഗ്, റിസപ്ഷനിസ്റ്റ്, മാനേജർ, ഫാർമസിസ്റ്റ്, പാരാമെഡിക്കൽ, സോഷ്യൽ മീഡിയ, ബില്ലിംഗ്, ഫാഷൻ ഡിസൈനർ, സ്വീപ്പർമാർ, സെക്യൂരിറ്റി സ്റ്റാഫ്, ഡെലിവറി ബോയ്, ഡ്രൈവർമാർ തുടങ്ങിയ വിവിധ മേഖലകളിൽ നിരവധി തൊഴിലവസരങ്ങളാണ് മേളയിൽ ലഭ്യമാവുക. ചാവക്കാട് പരിസരപ്രദേശങ്ങളിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനങ്ങൾ, ജ്വല്ലറികൾ, ആശുപത്രികൾ, കൺവെൻഷൻ സെൻ്ററുകൾ, വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും.
തൊഴിലന്വേഷകർക്ക് ഇത് ഒരു സുവർണ്ണാവസരമാണ്. ഈ തൊഴിൽമേളയിൽ പങ്കെടുത്തുകൊണ്ട് തങ്ങളുടെ സ്വപ്ന ജോലി ഉറപ്പാക്കാൻ എല്ലാ ഉദ്യോഗാർത്ഥികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈസ് ചെയർമാൻ കെ. കെ. മുബാറക്ക്,സ്ഥിരം സമിതി അധ്യക്ഷൻമാരായ അബ്ദുൽ റഷീദ്,അഡ്വ. മുഹമ്മദ് അൻവർ എ. വി , പ്രസന്നരണദിവെ,ബുഷറലത്തീഫ്,കുടുംബശ്രീ വൈസ് ചെയർപേഴ്സൺ സാജിത സലാം,രഞ്ജിത്ത് അലക്സ്എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
തൊഴിൽ അന്വേഷകർക്ക് സുവർണ്ണ അവസരം… ചാവക്കാട് നഗരസഭ തൊഴിൽ മേള നാളെ
