ഗുരുവായൂർ: ബിജുവിൻ്റെ കരവിരുതിൽ ഈർക്കിലി ഉപയോഗിച്ച് നിർമ്മിച്ച ഗുരുവായൂർ ക്ഷേത്ര മാതൃക ഇനി ഗുരുവായൂരപ്പ ഭക്തർക്ക് അസ്വാദ്യവിരുന്നാകും.
ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സമർപ്പിച്ച മാതൃകാ രൂപം ഭക്‌തർക്കു മുന്നിൽ പ്രദർശിപ്പിക്കാൻ ദേവസ്വം തീരുമാനിച്ചു.കോട്ടപ്പടി സ്വദേശി മാറോക്കി ബിജുവാണ് ആറടി നീളത്തിലും നാലടി വീതിയിലുമായി ഈർക്കിലിയിൽ ഗുരുവായൂർ ക്ഷേത്ര മാതൃക നിർമ്മിച്ചത്. ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടില്ലാത്തതിനാൽ കേട്ടറിവിൻ്റെ ബലത്തിലാണ് അകത്തളങ്ങൾ മനോഹര മാക്കിയത്. കഴിഞ്ഞ ജനുവരി മുതലാണ് ബിജു ക്ഷേത്ര മാതൃക നിർമ്മാണത്തിലേർപ്പെട്ടത്. സിമൻ്റ് പണിക്കാരനായ ബിജു, ജോലി കഴിഞ്ഞെത്തിയാൽ വൈകീട്ട് ഒരു മണിക്കൂർ നിർമ്മാണത്തിനായി നീക്കിവെക്കും. ഒപ്പം ഭാര്യ വീണയും സഹായത്തിനുണ്ടാകും. അയ്യായിരം ഈർക്കിലികൾ അളവിൽ വെട്ടിയെടുത്ത് ഫെവിക്കോളിൽ ഒട്ടിച്ചാണ് ക്ഷേത്ര മാതൃക നിർമ്മിച്ചിട്ടുള്ളത്.
ഇതിനു മുൻപ് കോട്ടപ്പടി പള്ളി മാതൃകയും ബിജു ഈർക്കിലിയിൽ നിർമ്മിച്ചിട്ടുണ്ട്.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വാഹനത്തിലാ ണ് മാതൃകാ രൂപം ഗുരുവായൂർ ക്ഷേത്ര നടയിൽ എത്തിച്ചത്. ക്ഷേത്രത്തിനു പുറത്ത് ദീപസ്‌തംഭത്തിന് മുന്നിൽ നടന്ന സമർപ്പണ ചടങ്ങ് എൻ.കെ. അക്‌ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു.ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജയൻ, ഭരണസമിതിഅംഗം സി. മനോജ്, ക്ഷേത്രം മാനേജർ സി.ആർ. ലെജുമോൾ എ ന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വാർണിഷ് അടിച്ച് മനോഹരമാക്കി യ ക്ഷേത്ര മാതൃക ഭക്തർക്ക് കാണാനും ഫോട്ടോയെടുക്കാനുമായി വൈകുന്നേരം വരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിനു മുന്നിൽ പ്രദർശിപ്പിച്ചു. ഇത് ചില്ല് കൂട്ടിലാക്കി ക്ഷേത്രത്തിനകത്ത് പ്രദർശിപ്പിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജ യൻ പറഞ്ഞു.
ഈർക്കിലിയിൽ തീർത്ത ഗുരുവായൂർ ക്ഷേത്ര മാതൃക ; ബിജുവിന് അഭിനന്ദന പ്രവാഹം
