കുന്നംകുളം: പുന്നയൂർക്കുളം കിഴക്കേ ചെറായിയിൽ എൽഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിനിടെ കുട്ടികൾ ഉൾപ്പെടെ 11 പേരെ ആക്രമിച്ചതായി പരാതി. കിഴക്കെ ചെറായി സ്വദേശികളായ നിരഞ്ജൻ (l4), കൈലാസ് (12), കനിഷ്മ (17) , വൈഷ്ണ (13), ശ്രീലക്ഷ്മി (13), വേദ ജാനകി ( 13 ) , സായികൃഷ്ണ (14), നിവേദ (11), ഗോപാലൻ (75), മണി (63), രഞ്ജിത്ത് (28) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനവുമായി പോകുന്നതിനിടെ കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനിടയിലേക്ക് പടക്കം പൊട്ടിച്ച് എറിയുകയായിരുന്നു. സംഭവം സ്ഥലത്തുണ്ടായിരുന്ന രഞ്ജിത്ത് ഇത് ചോദ്യംചെയ്തതോടെ രഞ്ജിത്തിനെയും ഗോപാലനെയും സംഘം മർദ്ദിച്ചു. സംഘർഷം കണ്ട് തടയാൻ ചെന്ന വിദ്യാർത്ഥികളെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് എൽഡിഎഫ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു എന്ന് പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ കുട്ടികൾ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ വടക്കേക്കാട് പോലീസിൽ പരാതി നൽകി.സംഘർഷ സാധ്യത കണക്കിലെടുത്ത് ഗുരുവായൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പുന്നയൂർക്കുളം ചെറായിയിൽ എൽഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് നേരെ അക്രമം
