പുതുവർഷത്തെ വരവേല്‍ക്കാൻ ഒരുങ്ങി കേരളം

തിരുവനന്തപുരം:പുതുവർഷത്തെ വരവേൽക്കാൻ കേരള ജനത ഒരുങ്ങിക്കഴിഞ്ഞു.പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവളം, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച്‌ ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മൂന്നാറില്‍ ഹോംസ്റ്റേകളില്‍ ഉള്‍പ്പെടെ ഇതിനകം ബുക്കിങ്ങ് നിറഞ്ഞ് കഴിഞ്ഞു.
ഫോർട്ട് കൊച്ചിയില്‍ പപ്പാഞ്ഞിയെ കത്തിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇക്കുറി പരേഡ് ഗ്രൗണ്ടിലും, വെളി മൈതാനത്തുമാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്. തിരക്ക് കാരണം മുൻവർഷങ്ങളില്‍ പലർക്കും ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷം നല്ല അനുഭവങ്ങളല്ല സമ്മാനിച്ചിട്ടുള്ളത്. വിദേശികളടക്കം പതിനായിരങ്ങള്‍ ഇന്ന് ഫോർട്ട് കൊച്ചിയിലേക്ക് എത്തും. പണ്ട് ഒരിടത്തായിരുന്നു പപ്പാഞ്ഞിയെ കത്തിച്ചിരുന്നത് എങ്കില്‍ ഇന്നത് രണ്ടിടത്താണ്.

അതില്‍ ഒന്നാമത്തെ സ്ഥലം പരേഡ് ഗ്രൗണ്ടാണ്. കാർണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇവിടത്തെ പപ്പാഞ്ഞിയെ കത്തിക്കല്‍. പരേഡ് ഗ്രൗണ്ടിന് അകത്തും പുറത്തുംനിന്ന് വ്യക്തമായി ഇത് കാണാം. ഇന്ന് 12 മണി വരെ നീണ്ടുനില്‍ക്കുന്ന സംഗീത പരിപാടിയും ഉണ്ടാകും.

ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിലാണ് രണ്ടാമത്തെ പപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ്. ഗാല ഡി ഫോർട്ട് കൊച്ചി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇവിടത്തെ പരിപാടികള്‍. കഴിഞ്ഞ ഒരാഴ്ചയില്‍ ഏറെയായി ഇവിടെ പരിപാടികള്‍ തുടരുകയാണ്. ഏറെ പ്രശസ്തമായ മഴ മരവും ഈ മൈതാനത്താണ്.
1200 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. പരേഡ് ഗ്രൗണ്ടും, വെളി ഗ്രൗണ്ടും ഇരട്ട ബാരിക്കേഡുകളാല്‍ സുരക്ഷിതമാക്കിയിട്ടുണ്ട്. സിസിടിവി ക്യാമറ അടക്കമുള്ള സംവിധാനങ്ങളും തയ്യാറാണ്.ഡല്‍ഹിയിലും മുംബൈയിലും ചെന്നൈയിലും വിപുലമായ ന്യൂഇയര്‍ ആഘോഷങ്ങളാണ് നടക്കുന്നത്.ഇന്ത്യന്‍ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ ലോകം പുതുവത്സരം ആഘോഷിച്ച്‌ തുടങ്ങും. റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്‍ഡിലാണ് പുതുവത്സരം ആദ്യം പിറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *