ചാവക്കാട് :’നമുക്ക് സൃഷ്ടിക്കാം ചന്തമുള്ള ചാവക്കാട്’ എന്ന സന്ദേശവുമായി ചാവക്കാട് നഗരസഭയും കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്റ്റും (KSWMP) സംയുക്തമായി സംഘടിപ്പിച്ച ‘ക്ലീൻ ഏൻഡ് റൈഡ്’ പരിപാടി ആവേശമായി. ബ്ലാങ്ങാട് ബീച്ചിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളും സൈക്കിളത്തോൺ സ്വീകരണവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ബീച്ചും പരിസരവും വൃത്തിയാക്കുന്ന ‘മാസ് ക്ലീനിംഗ്’ പരിപാടി നഗരസഭാ ചെയർപേഴ്സൺ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എച്ച് സലാം സ്വാഗതമാശംസിച്ചു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി യതീന്ദ്രദാസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മത്രംകോട്ട്, നഗരസഭ സെക്രട്ടറി ആകാശ് എം എസ് എന്നിവർ ആശംസകൾ നേർന്നു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.ഗുജറാത്ത് മുതൽ കന്യാകുമാരി വരെ CISF സംഘടിപ്പിക്കുന്ന ‘ഓൾ ഇന്ത്യ കോസ്റ്റൽ സൈക്ലത്തോണിന്’ ചാവക്കാട് ബീച്ചിൽ ഉജ്ജ്വല സ്വീകരണം നൽകി. ഉദ്ഘാടനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നിർവ്വഹിച്ചു.ജനപ്രതിനിധികൾ, ബീച്ച് ലവേഴ്സ് ക്ലബ് അംഗങ്ങൾ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.
ചന്തമുള്ള ചാവക്കാട്; ബ്ലാങ്ങാട് ബീച്ചിൽ ശുചീകരണവും സൈക്കിളത്തോണും സംഘടിപ്പിച്ചു
