ഗുരുവായൂര്‍ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് തല മോണിറ്ററിംഗ് കമ്മിറ്റി യോഗം നടത്തി

ചാവക്കാട്:പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കിയ നിയോജക മണ്ഡല തല മോണിറ്ററിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം പൊതുമരാമത്ത് പ്രവര്‍ത്തികളുടെ കാര്യക്ഷമവും സമയബന്ധിതവുമായ നിര്‍വ്വഹണത്തിന് സഹായകരമായതായി എന്‍.കെ അക്ബര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ചാവക്കാട് പിഡബ്ലിയു റസ്റ്റ് ഹൗസിൽ ചേർന്ന ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് തല മോണിറ്ററിംഗ് കമ്മിറ്റിയുടെ 48-ാമത് യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എം.എല്‍.എ. എല്ലാ മാസവും നടന്നു വരുന്ന ഗുരുവായൂർ മണ്ഡലത്തിലെ മോണിറ്ററിംഗ് യോഗത്തിൻ്റെ ചുമതല  പൊതുമരാമത്ത് റോഡ് വിഭാഗം ജില്ലാ എക്സി.എഞ്ചിനീയര്‍ക്കായിരുന്നു.  പൊതുമരാമത്ത് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും സാങ്കേതികമായി ഉണ്ടാകുന്ന തടസ്സങ്ങളില്‍ സമയബന്ധിതമായി ഇടപെടുന്നതിനും മോണിറ്ററിംഗ് കമ്മിറ്റി യോഗങ്ങള്‍ വളരെ ഫലപ്രദമായിരുന്നുവെന്ന് എം.എല്‍.എ വ്യക്തമാക്കി. മോണിറ്ററിംഗ് കമ്മിറ്റി കണ്‍വിനറായിരുന്ന മുന്‍ ജില്ലാ എക്സി.എഞ്ചിനീയര്‍ എസ്.ഹരീഷ്, നിലവിലെ എക്സി എഞ്ചിനീയര്‍ സി.രാകേഷ് എന്നിവര്‍ പ്രശംസനീയമായ രീതിയില്‍ കമ്മിറ്റി പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നുവെന്നും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വളരെ ആത്മാര്‍ത്ഥമായും കാര്യക്ഷമമായും പ്രവര്‍ത്തിച്ചുവെന്നും അവരെ അഭിനന്ദിക്കുന്നതായും എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത് ഉദ്യോഗസ്ഥരാണെന്ന് എം.എല്‍.എ പറഞ്ഞു. മോണിറ്ററിംഗ് കമ്മിറ്റി കണ്‍വിനറും പൊതുമരാമത്ത് റോഡ് വിഭാഗം ജില്ലാ എക്സി.എഞ്ചിനീയറുമായ രാകേഷിന് എം.എല്‍.എ ഉപഹാരം നല്‍കി.
ഈസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡിന്‍റെ ഉദ്ഘാടനവും നായരങ്ങാടി – ചക്കിത്തറ റോഡ്, അഞ്ഞൂര്‍- പിള്ളക്കാട് റോഡ് എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനവും മാര്‍ച്ച് ആദ്യവാരത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുമെന്ന് എം.എല്‍.എ യോഗത്തെ അറിയിച്ചു. ചാവക്കാട് വെറ്റിനറി ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം മാര്‍ച്ച് ആദ്യവാരത്തില്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ചാവക്കാട് താലൂക്ക് ആശുപത്രി കെട്ടിടത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തി വേഗത്തിലാക്കാനും ഏപ്രില്‍ മാസത്തോടെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിനും പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സി. എഞ്ചിനീയര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. 4.5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുന്നയൂര്‍ക്കുളം കടല്‍ഭിത്തി നിര്‍മ്മാണവും ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിലെ ചേറ്റുവ കായല്‍ സംരക്ഷണ പ്രവര്‍ത്തിയും സമയബന്ധിതമായി നടന്നുവരുന്നതായി ജലസേചനവകുപ്പ് അസി.എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ,ഇറിഗേഷന്‍ പദ്ധതികള്‍, വാട്ടര്‍ അതോറിറ്റി പദ്ധതികള്‍, ഹാർബർ പ്രവര്‍ത്തികള്‍ തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി.
ചാവക്കാട് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ്സ് എക്സി.എഞ്ചിനീയർ രാകേഷ് സി, കെട്ടിട വിഭാഗം എക്സി.എഞ്ചിനീയര്‍ സന്തോഷ് ഇ, റോഡ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ആന്‍റണി എന്‍.വി , കെട്ടിട വിഭാഗം അസി.എക്സി.എഞ്ചിനീയര്‍ ബീന, വാട്ടര്‍ അതോറിറ്റി , അഡീഷണല്‍ ഇറിഗേഷന്‍ , മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് റോഡ്, കെട്ടിടം പാലം വിഭാഗങ്ങള്‍, വാട്ടര്‍ അതോറിറ്റി, കെ.ആര്‍.എഫ്.ബി, തുടങ്ങിയ വകുപ്പിലെ അസി.എഞ്ചിനീയര്‍മാര്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *