കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന

തിരുവനന്തപുരം:കേരളം, തമിഴ്നാട്,പശ്ചിമ ബംഗാള്‍, ആസാം,പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏപ്രില്‍ രണ്ടാം വാരത്തില്‍ നടന്നേക്കും.
ഈസ്റ്റർ കഴിഞ്ഞ് ഏപ്രില്‍ ആറിനും വിഷുദിനമായ 15നും മധ്യേ കേരളത്തില്‍ വോട്ടെടുപ്പ് നടത്താനാണ് ആലോചനയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നതർ സൂചന നല്‍കി. ഇതനുസരിച്ച്‌ മാർച്ച്‌ ആറിനും 12നും ഇടയില്‍ അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടായേക്കും.തെരഞ്ഞെടുപ്പു പ്രഖ്യാപനം നടത്തുന്ന തീയതി മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും.പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്ന മാർച്ച്‌ ഒന്പതിനു മുൻപായി വോട്ടെടുപ്പിന്റെ കൃത്യ തീയതികളും ഘട്ടങ്ങളും പ്രഖ്യാപിക്കാൻ ശ്രമമുണ്ട്. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനു (എസ്‌ഐആർ) ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാകും കേരളം, തമിഴ്നാട്,ബംഗാള്‍,പുതുച്ചേരി സംസ്ഥാനങ്ങളില്‍ നടക്കുക. ആസാമില്‍ എസ്‌ഐആർ നടത്തിയിട്ടില്ല.2021ല്‍ ഏപ്രില്‍ ആറിന് ഒറ്റ ദിവസമാണ് കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് പൂർത്തിയാക്കിയത്.ആസാമില്‍ മൂന്നു ഘട്ടവും പശ്ചിമബംഗാളില്‍ മാർച്ച്‌ 27 മുതല്‍ ഏപ്രില്‍ 29 വരെ നീണ്ട എട്ടു ഘട്ടങ്ങളിലായുമായിരുന്നു പോളിംഗ്.കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളും പ്രത്യേക സന്നാഹങ്ങളും കഴിഞ്ഞതവണ ബൂത്തുകളില്‍ ഒരുക്കിയിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലും രണ്ടു ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്നതു പരിഗണനയിലുണ്ട്.ബംഗാളില്‍ കഴിഞ്ഞ തവണത്തേതുപോലെ എട്ടു ഘട്ടം വേണ്ടെന്നും ആറോ, ഏഴോ ഘട്ടമായി പോളിംഗ് പൂർത്തീകരിക്കാനും കമ്മീഷൻ ആലോചിക്കുന്നുണ്ട്.കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ എസ്‌ഐആറിനുശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പശ്ചിമബംഗാള്‍,തമിഴ്നാട്, ആസാം,കേരള,പുതുച്ചേരി നിയമസഭകളുടെ അഞ്ചു വർഷത്തെ കാലാവധി യഥാക്രമം മേയ് ഏഴ്, 10, 20, 23 ജൂൺ 15 തീയതികളില്‍ അവസാനിക്കും. ഇതിനുമുൻപായി തെരഞ്ഞെടുപ്പു നടപടികള്‍ പൂർത്തിയാക്കി പുതിയ നിയമസഭ രൂപീകരിക്കാനാണ് നീക്കം

Leave a Reply

Your email address will not be published. Required fields are marked *