തെരഞ്ഞെടുപ്പ് ആവേശത്തിൽ ചാവക്കാട്; കൊട്ടി കലാശത്തിൽ അണിനിരക്കാൻ എത്തിയത് ജനസാഗരം

ചാവക്കാട്: കൊട്ടികലാശത്തിനായി മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍  ചാവക്കാട് ട്രാഫിക് ഐലന്‍ഡിനു ചുറ്റും അണിനിരന്നതോടെ ചാവക്കാട് നഗരം തിരഞ്ഞെടുപ്പ് ആവേശത്തില്‍ മുങ്ങി. വൈകീട്ട് നാലരയോടെ തന്നെ യു .ഡി.എഫ്, എൽ .ഡി.എഫ്, എന്‍.ഡി.എ. മുന്നണികളുടെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എസ്.ഡി.പി.ഐ, ആം ആദ്മി തുടങ്ങീ പാര്‍ട്ടികളുടെയും പ്രവര്‍ത്തകരും പ്രചാരണവാഹനങ്ങളും ട്രാഫിക് ഐലന്‍ഡിലേക്ക് എത്താന്‍ തുടങ്ങി. അഞ്ചോടെ എല്ലാ  പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ട്രാഫിക് ഐലന്‍ഡിനു ചുറ്റും തടിച്ചുകൂടിയതോടെ ട്രാഫിക് ഐലന്‍ഡ് മനുഷ്യ സമുദ്രമായി.വിവിധ മുന്നണികളുടെയും പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് പാരഡി ഗാനങ്ങളും മുദ്രാവാക്യങ്ങളും ഒന്നിച്ചു മുഴങ്ങിയതോടെ ട്രാഫിക് ഐലന്‍ഡ് ശബ്ദമുഖരിതമായി. പാര്‍ട്ടി കൊടികള്‍ക്കു പുറമെ പ്രകോപനപരമാകുന്ന ബാനറുകളും മുന്നണികള്‍ ഉയര്‍ത്തി. ടി എൻ പ്രതാപന്റെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായ കലാശ കൊട്ടിന്റെ തലത്തിലേക്ക് യു ഡി എഫ് കൊട്ടികലാശം ഉയർത്തി.സ്ഥാനാര്‍ഥി സി.എച്ച്.റഷീദ് വാഹനത്തിന് മുകളില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. നേതാക്കളായ സി.എ. ഗോപപ്രതാപന്‍, ജോസ് വള്ളൂര്‍, ഉമ്മര്‍ മുക്കണ്ടത്ത്, ആര്‍.പി.ബഷീര്‍ എന്നിവര്‍ കൊട്ടിക്കലാശത്തിന് നേതൃത്വം നല്‍കി. എൽ ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.കെ.അക്ബറിനൊപ്പം സി.പി.എം. ജില്ലാ സെക്രട്ടറി കെ.വി.അബ്ദുല്‍ ഖാദര്‍, എല്‍.ഡി.എഫ്.നേതാക്കളായ എം.കൃഷ്ണദാസ്, എ.എച്ച്.അക്്ബര്‍, നടന്‍ ഇര്‍ഷാദ് തുടങ്ങിയവര്‍ വാഹനത്തിന് മുകളില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. എന്‍.ഡി.എ. സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണനെയും വനിതാ നേതാവ് സി.നിവേദിതയെയും മണ്ണുമാന്തി യന്ത്രത്തിന്റെ കൈയ്യില്‍ നിര്‍ത്തി എടുത്തുയര്‍ത്തിയതോടെ എന്‍.ഡി.എ. പ്രവര്‍ത്തകര്‍ ആവേശത്തിലായി. ഇരുവരും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനൊപ്പം നൃത്തച്ചുവടുകള്‍ വച്ച് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു. നേതാക്കളായ ദയാനന്ദന്‍ മാമ്പുള്ളി, അനീഷ് ഇയ്യാല്‍, കെ.ആര്‍.ബൈജു തുടങ്ങിയവര്‍ കൊട്ടിക്കലാശത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *