നാഷണല്‍ ഹൈവേ 66 ൽ  ഫുട്ട് ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മാണം വൈകുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാവുന്നു – എന്‍.കെ അക്ബര്‍ എം.എല്‍.എ

ഗുരുവായൂര്‍: നിയോജക മണ്ഡല പരിധിയില്‍ നാഷണല്‍ ഹൈവേ – 66 ല്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണവും കാന നിര്‍മ്മാണവും സര്‍വ്വീസ് റോഡുകളുടെ പൂര്‍ത്തീകരണവും വൈകുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നു. ജില്ലാ വികസന സമിതിയില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് എന്‍.കെ അക്ബര്‍ എം.എല്‍.എ. നിര്‍മ്മാണത്തിലിരിക്കുന്ന നാഷണല്‍ ഹൈവേ – 66 ല്‍ അടുത്ത കാലത്തായി നിരവധി ജീവനുകളാണ് അപകടത്തില്‍ പൊലിയുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്. റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെയും സിഗ്നല്‍ സംവിധാനവും സുരക്ഷ ബോര്‍ഡുകളും സ്ഥാപിക്കാത്തതു മൂലവുമാണ് ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നത്. ഫുട്ട് ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതിയായെങ്കിലും നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍മ്മാണം വൈകിപ്പിക്കുകയാണ്.ഇത് സംബന്ധിച്ച് നിരവധി തവണ നാഷണല്‍ ഹൈവേ അതോറിറ്റിയേയും ജില്ലാ ഭരണ കൂടത്തെയും പ്രസ്തുത വിഷയം അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും ആയില്ലെന്ന് ഇന്ന് നടന്ന ജില്ലാ വികസന സമിതിയില്‍ എം.എല്‍.എ അറിയിച്ചു. ജൂണ്‍ ഒന്നിന് സ്ക്കൂള്‍ തുറക്കുന്നതോടെ കുട്ടികള്‍ റോഡ് മുറിച്ച് കടക്കുന്നതിനാല്‍ സുരക്ഷ അപകടത്തിലാണെന്നും ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനെ ഉപയോഗപ്പെടുത്തി ട്രാഫിക്ക് അവബോധ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ജില്ലാ കളക്ടറോട് എം.എല്‍.എ ആവശ്യപ്പെട്ടു. കൂടാതെ കാലവര്‍ഷം എത്തുന്നതോടെ സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ റോഡിനിരുവശത്തുമുള്ള ജനങ്ങളുടെ ജീവിതം ദുസ്സഹമാകുകയാണ്. വേനല്‍ മഴയില്‍ റോഡിലെ മണ്ണും ചെളിയും വീടുകളിലേക്ക് ഒഴുകി എത്തിയിരുന്നു. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ എ.കെ.ജി നഗറിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കരാര്‍ കമ്പനി കനോലി കനാലിലേക്ക് കാന നിര്‍മ്മിക്കാമെന്ന് എം.എല്‍.എയും ജില്ലാ കളക്ടറും പഞ്ചായത്ത് അധികൃതരും അടങ്ങിയ കമ്മിറ്റിക്ക് ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ നിര്‍മ്മിച്ചിട്ടില്ല. ഈ പ്രദേശത്ത് നിരവധി വീടുകളിലേക്കാണ് കഴിഞ്ഞ കാലവര്‍ഷത്തില്‍ വെള്ളം കയറിയത്. ജനങ്ങളുടെ ജീവന്‍ അപകടത്തിലായ സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നാഷണല്‍ ഹൈവേ അതോറിറ്റിക്കും എം.എല്‍.എ കത്ത് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *