അപകടം മുന്നിൽക്കണ്ട് അഞ്ജലി അമ്പരന്നില്ല… ആത്മസമയമനത്തോടെ  രണ്ട് കുരുന്നുകളുടെ ജീവൻ രക്ഷിച്ചു

കൊല്ലം: കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ചുകയറിയ ആ വാർത്ത കേരളത്തെ ഞെട്ടിച്ചുകളഞ്ഞു.വിദ്യാർത്ഥികൾ ഉൾപ്പെടെ 8 പേർ അപകടത്തിൽപ്പെടുകയും മൂന്ന് പേരുടെ ജീവൻ നഷ്ടമാവുകയും ചെയ്ത ആ വലിയ ദുരന്തത്തിനിടയിലും,ദൈവത്തിന്റെ മാലാഖയെപ്പോലെ ഒരാൾ അവിടെയുണ്ടായിരുന്നു.നിയന്ത്രണം വിട്ട് പാഞ്ഞെത്തുന്ന മരണപ്പാച്ചിൽ കണ്ടിട്ടും പതറാതെ,തന്റെ കയ്യിൽ കിട്ടിയ രണ്ട് പിഞ്ചുകുട്ടികളെയും വലിച്ചുകൊണ്ട് ഓടി അവരുടെ ജീവൻ രക്ഷിച്ച അഞ്ജലി എന്ന പെൺകുട്ടി.ആ അഞ്ജലി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ താരം.അപകടം മുന്നിൽ കണ്ട് അഞ്ജലി കാണിച്ച ആ ഒരു ധൈര്യവും സമയോചിതമായ ഇടപെടലും മാത്രമാണ് ആ രണ്ട് കുഞ്ഞുങ്ങൾക്ക്‌ തുണ ആയത്.രാവിലെ അടുത്തുള്ള ക്ഷേത്രത്തിൽ പോകാൻ വേണ്ടി ഏഴ് മണിയുടെ ‘ശ്രീവൽസം’ ബസ് കാത്ത് നിൽക്കുകയായിരുന്നു അഞ്ജലി.ആ സമയത്ത് ബസ് സ്റ്റോപ്പിൽ സ്കൂളിൽ പോകാൻ ഇറങ്ങിയ കുട്ടികൾ ഉൾപ്പെടെ ഒരുപാട് പേരുണ്ടായിരുന്നു.അപ്പോഴാണ് ഒരു ടിപ്പർ ലോറി അമിതവേഗതയിൽ പാഞ്ഞു വരുന്നത് അഞ്ജലിയുടെ ശ്രദ്ധയിൽ പെട്ടത്.ആദ്യം വണ്ടി ഒരു ബൈക്കിലിടിച്ച ശേഷം നേരെ ബസ് സ്റ്റോപ്പിലേക്ക് തന്നെയാണ് വരുന്നതെന്ന് മനസ്സിലായ നിമിഷം അഞ്ജലി ജീവനും കൊണ്ട് ഓടാൻ തുടങ്ങി. ആ പരിഭ്രാന്തിക്കിടയിലും തൊട്ടടുത്തു നിന്ന രണ്ട് കുട്ടികളെ അഞ്ജലി മറന്നില്ല. അവരുടെ കയ്യിൽ പിടിച്ച് വലിച്ച് ഒരൊറ്റ ഓട്ടമായിരുന്നു.അഞ്ജലി കുട്ടികളെയുമെടുത്ത് മാറിയ ആ സെക്കൻഡിൽ തന്നെ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മറിയുകയും, അതിലുണ്ടായിരുന്ന മണ്ണ് മുഴുവൻ അവിടെയുണ്ടായിരുന്ന ആളുകളുടെ മുകളിലേക്ക് വീഴുകയും ചെയ്തു
ശരിക്കും വിറച്ചുപോയ ആ സാഹചര്യത്തിലും അഞ്ജലി ഒട്ടും സമയം കളയാതെ ഉടൻ തന്നെ വീട്ടിൽ അമ്മയെയും, ഒപ്പം പോലീസിനെയും ഫയർഫോഴ്സിനെയും വിളിച്ച് വിവരമറിയിക്കുകയായിരുന്നു.സ്വന്തം ജീവൻ പോലും നോക്കാതെ ആ രണ്ട് കുരുന്നുകളെ മരണമുഖത്ത് നിന്ന് രക്ഷിച്ചെടുത്ത അഞ്ജലിക്ക് ഒരായിരം അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *