യുവാവിനെ മദ്യ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമം;പ്രതിക്ക് ഒരു വർഷം കഠിന തടവും 15000 രൂപ പിഴയും

ചാവക്കാട് :യുവാവിനെ മദ്യ കുപ്പി കൊണ്ട് തലയ്ക്ക്ടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഒരു വർഷം കഠിന തടവും 15000 രൂപ പിഴയും. വെങ്കിടങ്ങ് നമ്പിലത്ത് വീട്ടിൽ അർജുനൻ മകൻ ബിന്ദു (47)വിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ കരുവന്തല നാരായണ പറമ്പത്ത് വീട്ടിൽ ഗോവിന്ദൻ മകൻ അനിൽകുമാറി(58)നെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ഒരു വർഷം കഠിന തടവും 15000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്.2015 ഒക്ടോബർ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഉച്ചയ്ക്ക് കരുവന്തല കള്ള് ഷാപ്പിനു മുൻവശത്തുള്ള സ്കൂൾ ഗ്രൗണ്ടിൽ സുഹൃത്തായ കാരണത്തെ വീട്ടിൽ സത്യനുമായി സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് അനിൽകുമാറും സംഘവും ബിന്ദുവിനെ കയ്യേറ്റം ചെയ്തത്. രക്ഷപ്പെടാൻ വേണ്ടി തൊട്ടടുത്തുള്ള കള്ള് ഷാപ്പിലേക്ക് ഓടി കയറിയ ബിന്ദുവിനെ പ്രതിയായ അനിൽകുമാർ ഒഴിഞ്ഞ കള്ള് കുപ്പി കൊണ്ട് നെറും തലയിൽ അടിച്ച് പരിക്കേൽപിക്കുകയായിരുന്നു. ബിന്ദുവിന്റെ ചേട്ടനും പ്രതി അനിൽകുമാറും തമ്മിൽ ഉള്ള തർക്കമാണ് ആക്രമണത്തിന് കാരണം. പാവറട്ടി എസ് ഐ ആയിരുന്ന എസ് അരൂൺ പ്രതികൾക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 8 സാക്ഷികളെയും 16 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത്കുമാർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *