ആനയഴകിൽ ചാലിശ്ശേരി പൂരം;ഒഴുകിയെത്തിയത് ആയിരങ്ങൾ

ചാലിശേരി:മുലയം പറമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തിലെ പൂരം വർണ്ണാഭമായി ആഘോഷിച്ചു. ക്ഷേത്ര മൈതാനത്ത് അണിനിരന്ന ഗജവീരന്മാരും ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയ നാടൻ കലാരൂപങ്ങളും ഉൽസവപ്രേമികൾക്ക് നയനമനോഹര കാഴ്ചയായി.പുലർച്ച നടന്ന വിശേഷാൽ പൂജകൾക്ക് തന്ത്രി തരണനെല്ലൂർ പത്മാനാഭൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു.
ഉച്ചയ്ക്ക് 2.30 ന് അഞ്ച് ആനകളുടെയും പഞ്ചവാദ്യത്തിൻ്റെയും അകമ്പടിയോടെ ദേവസ്വംപൂരം എഴുന്നള്ളിച്ചു. ഗജവീരൻ പരിമണം വിഷ്ണു ദേവിയുടെ തിടമ്പേറ്റി . അയിലൂർ അനന്തനാരായണൻ, കടവല്ലൂർ മോഹനൻ മാരാർ ,കോട്ടക്കൽ രവിയും സംഘവും പഞ്ചവാദ്യത്തിലും വെള്ളിത്തിരുത്തി ഉണ്ണിനായരുടെ നേതൃത്വത്തിൽ മുലയം പറമ്പത്ത് കാവ്’ വാദ്യകലാ സംഘം മേളത്തിലും നാദവിസ്മയം തീർത്തു.പാലക്കാട് , മലപ്പുറം, തൃശൂർ ജില്ലകളിലെ തട്ടകങ്ങളിൽ ഉച്ചക്ക് പകൽ പൂരം ആരംഭിച്ചു. 33 ഓളം ആനപ്പുരങ്ങൾ വൈകീട്ടോടെ കാവ് കയറിയതോടെ കുഭ ചൂടിനെ വകവെക്കാതെ ആയിരങ്ങൾ മൈതാനത്തെ അലകടലാക്കി.
തുടർന്ന് കേന്ദ്ര പൂരാഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടിയെഴുന്നള്ളിപ്പിൽ തെച്ചിക്കോട്ട് രാമചന്ദ്രനടക്കം തലയെടുപ്പുള്ള നാൽപതിലധികം ആനകൾ അണിനിരന്നു പാണ്ടിമേളവും ഉണ്ടായി പ്രദക്ഷിണമായി എത്തിയ ആനകൾ ഭഗവതിയെ വണങ്ങി. വൈകീട്ട് വിവിധ ആഘോഷക്കമ്മിറ്റികളുടെ വേലയാഘോഷങ്ങളായ തിറ, കാള വരവ്, തെയ്യം ,ശിങ്കാരിമേളം , കരിങ്കാളി ,കാവടി തുടങ്ങിയവ ക്ഷേത്രത്തിലെത്തി ആർപ്പ് വിളിച്ചെത്തിയ കല്ലുപുറംദേശത്തിൻ്റെ കാളവരവും അഴകായി.ക്ഷേത്രത്തിലേക്ക് രാവിലെ മുതൽ ഭക്തജനങ്ങൾ ഭഗവതിയുടെ അനുഗ്രഹത്തിനായി ഒഴുകിയെത്തി രാത്രിയിൽ ദീപാരാധന ,ചുറ്റുവിളക്ക് ,തായമ്പക ,കേളി ,കൊമ്പ് പറ്റ് ,കുഴൽപറ്റ് എന്നിവ ഉണ്ടായി രാത്രി .1.30 ന് ദേവസ്വം പൂരം എഴുന്നെള്ളിച്ചു.വിവിധ തട്ടകങ്ങളിൽ നിന്ന് താലം വരവ് ,പ്രാദേശിക പൂരങ്ങളും അമ്പലത്തിലെത്തി ശനിയാഴ്ച പുലർച്ച ശ്രീരാമ പട്ടാമ്പിക്ഷേകത്തോടെ പൂരത്തിന് കൂറ വലിച്ചു.ഷൊർണ്ണൂർ ഡിവൈഎസ്പി പി.സി.ഹരിദാസ് , ചാലിശേരി എസ്.എച്ച് ഒ കെ സതീഷ്കുമാർ ,തൃത്താല എസ്എച്ച് ഒ എന്നിവരുടെ നേതൃത്വത്തിൽ പോലിസ് വൻ സുരക്ഷയും ഒരുക്കി.
.

Leave a Reply

Your email address will not be published. Required fields are marked *