ചാവക്കാട് :മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ നിർമ്മിച്ച പരിസ്ഥിതി ശില്പം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അനാച്ഛാദനം ചെയ്തു. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1,65,000 രൂപ ചിലവഴിച്ച് ഈ ശില്പം നിർമ്മിച്ചിരിക്കുന്നത്.
ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഒമ്പതാം വാർഡ് കൗൺസിലർ സത്താർ കെ.വി സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഷീദ്, മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം.ആർ രാധാകൃഷ്ണൻ, നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 ഷമീർ എം, കുടുംബശ്രീ ചെയർപേഴ്സൺ ജീന രാജിവ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ശില്പം മനോഹരമായി രൂപകല്പന ചെയ്തു നിർമ്മിച്ച മണികണ്ഠൻ പാടൂരിനെ ചടങ്ങിൽ ആദരിച്ചു. “എന്റെ കരുതൽ എന്റെ പരിസ്ഥിതി” എന്ന ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് തുണി സഞ്ചികളും വിതരണം ചെയ്തു. ജനപ്രതിനിധികൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, നാട്ടുകാർ, തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ഈ പരിസ്ഥിതി ശില്പം നഗരത്തിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവ് നൽകുമെന്നും, ജനങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ചെയർപേഴ്സൺ ഷീജ പ്രശാന്ത് പറഞ്ഞു.
ചാവക്കാട് നഗരസഭയുടെ മാലിന്യമുക്ത നവകേരളം പദ്ധതിക്ക് കരുത്ത് പകർന്ന് പരിസ്ഥിതി ശില്പം അനാച്ഛാദനം ചെയ്തു
