നിലം നികത്തലിനിടെ പിടികൂടിയ ലോറി കണ്ടു കെട്ടാൻ കലക്ടറുടെ ഉത്തരവ്

പുന്നയൂർക്കുളം:അനധികൃത നിലം നികത്തലിനിടെ വടക്കേകാട് പൊലീസ് പിടിച്ച ലോറി കണ്ടുകെട്ടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്.കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് പാസ് ഇല്ലാതെ ചുവന്ന മണ്ണുമായി എത്തിയ ലോറി പനന്തറ നാക്കോല റോഡിനു സമീപത്തെ പാടത്തു നിന്നു വടക്കേകാട് എസ്എച്ച്ഒ ആര്‍.ബിനുവിന്റെ നേതൃത്വത്തില്‍ പൊലീസ് പിടിച്ചത്. ഡ്രൈവര്‍ പിന്നീട് എത്തിച്ച പാസിലും കൃത്രിമം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് വണ്ടി കസ്റ്റഡിയില്‍ എടുത്ത് ആര്‍ഡിഒക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ലോറി വിട്ടുകിട്ടാന്‍ ഉടമ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയുമാണ് കോടി ഉത്തരവിട്ടത്.സ്വകാര്യ വ്യക്തിയുടെ നഞ്ച ഭൂമിയിലേക്കാണ് മണ്ണ് അടിച്ചിരുന്നതെന്നും 6 ഏക്കറോളം വസ്തു ഉള്ള ഉടമയുടെ ഒന്നര ഏക്കറിലധികം നഞ്ച ഭൂമി ഭാഗികമായും 30 സെന്റോളം പൂര്‍ണമായും നികത്തിയതായും സ്ഥലം സന്ദര്‍ശിച്ച് വില്ലേജ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കി. പരാതിയില്‍ പറയുന്ന ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്നും ഇവിടെ മണ്ണിട്ടത് വെള്ളക്കെട്ടിനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും കൃഷി ഓഫിസറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വാഹനം കണ്ടുകെട്ടിയത്. കണ്ടുകെട്ടലിനു പകരം ജില്ലാ കലക്ടര്‍ നിശ്ചയിക്കുന്ന വിലയുടെ ഒന്നര മടങ്ങ് തുക കെട്ടിവച്ചാല്‍ ഉടമക്ക് വണ്ടി തിരിച്ചെടുക്കാമെന്നും ഉത്തരവിലുണ്ട്. പാലക്കാട് പടിഞ്ഞാറങ്ങാടി ഒറവില്‍ മുബാറഖിന്റെതാണ് ലോറി.

Leave a Reply

Your email address will not be published. Required fields are marked *