കോഴിക്കോട് രണ്ട് കോടിയോളം വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ കേസ്;ഒരാള്‍ കൂടി പിടിയില്‍

കോഴിക്കോട് :പുതിയങ്ങാടിയില്‍ രണ്ട് കോടി രൂപയോളം വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടിയ കേസില്‍ ഒരാള് കൂടി പിടിയില്‍. കോഴിക്കോട് പെരുവണ്ണാമൂഴി മുതുകാട് സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യനാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ നിലമ്പൂര്‍ സ്വദേശി ഷൈന്‍ ഷാജി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.വെള്ളയില്‍ പോലീസ് കഴിഞ്ഞ മാസം19ന് പുതിയങ്ങാടിയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത് 779 ഗ്രാം എം.ഡി.എം.എയും,80 എല്‍.എസ്.ഡി സ്റ്റാമ്പുകളുമുള്‍പ്പെടെ രണ്ടു കോടിരൂപയോളം വില മതിക്കുന്ന ലഹരി മരുന്നായിരുന്നു. വാടക വീട്ടിലുണ്ടായിരുന്ന ഷൈന്‍ ഷാജിയും കൂട്ടാളി ആല്‍ബിന്‍ സെബാസ്റ്റ്യനും പോലീസെത്തിയതോടെ കടന്നു കളഞ്ഞു. കേരളം വിട്ട ഷൈനും ആല്‍ബിനും പോലീസിന് പിടി കൊടുക്കാതിരിക്കാന്‍ ഗോവയിലും ദില്ലിയിലും ബംഗളരുവിലുമായി മാറി മാറി താമസിക്കുകയായിരുന്നു.
പോലീസും ലഹരി വിരുദ്ധ സ്ക്വാഡായ ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഷൈന്‍ ഷാജി കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ വെച്ച്പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും കിട്ടിയ വിവരങ്ങളാണ് അന്വേഷണ സംഘത്തെ ആല്‍ബിനിലേക്കുമെത്തിച്ചത്. കുമളിയില്‍ വെച്ച് ആല്‍ബിനും പോലീസ് പിടിയിലാവുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *