പുന്നയൂർക്കുളം:ഹരിത കർമ്മ സേന അംഗങ്ങളെ രണ്ടാംകിട തൊഴിലാളികളായി കാണുന്ന സമൂഹം രണ്ടാം ക്ലാസുകാരനായ ഇബ്രാഹിം നാസിമിനെ കണ്ടുപഠിക്കണമെന്നും ഇത്തരം പ്രവർത്തകരെ ചേർത്തുപിടിക്കാൻ ജനങ്ങൾ തയ്യാറാവണം എന്നും എൻ കെ അക്ബർ എം എൽ എ പറഞ്ഞു. ഗുരുവായൂർ നിയോജക മണ്ഡലത്തിന്റെ മാലിന്യ നിർമാർജന ബ്രാൻഡ് അംബാസഡർ ആയി ഇബ്രാഹിം നാസിമിനെ പ്രഖ്യാപിക്കുകയും ചെയ്തു. പുന്നയൂർ ഗ്രാമപഞ്ചായത്തും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടത്തിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. പൊതുനിരത്തിൽ മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്താൻ സഹായിച്ചതിനാണ് പുന്നയൂർ സ്വദേശി പാതിയറക്കൽ നിഷാദ് സഫിയ ദമ്പതികളുടെ മകൻ ഏഴു വയസ്സുള്ള ഇബ്രാഹിം നാസിമിനെ അനുമോദിച്ചത്.കഴിഞ്ഞ 20 ന് ശനിയാഴ്ച നാസിം മദ്രസയിൽ നിന്നും വരുമ്പോഴാണ് പുന്നയൂർ പിലാക്കാട്ട് പള്ളിക്ക് സമീപം റോഡ് അരികിൽ ലാബ് മാലിന്യം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാരുടെ സഹായത്തോടെ വാർഡ് മെമ്പർ സെലീന നാസറിനെയും പുന്നയൂർ പഞ്ചായത്തിനെയും വിവരമറിയിക്കുകയായിരുന്നു. രണ്ട് വലിയ പ്ലാസ്റ്റിക് ബാഗുകളിൽ നിറയെ മനുഷ്യജീവനെ ഹാനികരമാകുന്ന ഉപയോഗിച്ച സിറിഞ്ചുകൾ, രക്തം അടങ്ങിയ ടെസ്റ്റ് ട്യൂബുകൾ, യൂറിന് കണ്ടൈനർ എന്നിവയായിരുന്നു തള്ളിയിരുന്നത്. തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മന്ദലാംകുന്ന് ഹെൽത്ത് കെയർ ഹൈടെക് ലാബ് ഉപയോഗിച്ച സാധനങ്ങൾ ആണെന്ന് മനസ്സിലായത്. തുടർന്ന് ലാബ് ഉടമ കടിക്കാട് സ്വദേശി രോഷിത്തിനെ വിളിച്ചുവരുത്തി മാലിന്യം എടുത്തുമാറ്റിക്കുകയും അരലക്ഷം രൂപ പിഴ അടക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകുകയും ചെയ്തു. ലൈസൻസ് ഇല്ലാത്തതിനാൽ ലാബ് അടച്ചിടാനും നിർദ്ദേശിച്ചു. ആറ്റുപുറം സെന്റ് ആന്റണീസ് എൽ പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഇബ്രാഹിം നാസിം. സ്കൂളിൽ വച്ച് നടത്തിയ അനുമോദനം ചടങ്ങിൽ പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ അധ്യക്ഷനായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആഷിത മുഖ്യാതിഥിയായിരുന്നു. പുന്നയൂർ പഞ്ചായത്തിന് വേണ്ടി ടിവി സുരേന്ദ്രനും, ഹരിത കേരളം സംസ്ഥാന മിഷനു വേണ്ടി തൃശ്ശൂർ ജില്ലാ മിഷൻ കോഡിനേറ്റർ സി ദിദികയും, തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടി ഇന്റേണൽ വിജിലൻസ് ഓഫീസർ ദുർഗ്ഗാദാസും നാസിമിനെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പുന്നയൂർ പഞ്ചായത്ത് നൽകിയ ക്യാഷ് അവാർഡ് സെക്രട്ടറി എൻ പി ഷീജ നാസിമിന് നൽകി. ചടങ്ങിൽ പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ, പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ, എ കെ വിജയൻ, ശ്രീധരൻ മാക്കാലിക്കൽ, ജിസ്ന ലത്തീഫ്, സ്കൂൾ മാനേജറും ആറ്റുപുറം ദേവാലയം ഇടവക വികാരിയുമായ ഫാ. ഡെന്നിസ് മാറോക്കി, പിടിഎ പ്രസിഡണ്ട് ദിനേശ് ജി നായർ, തുടങ്ങി വടക്കേക്കാട്, പുന്നയൂർ പഞ്ചായത്ത് മെമ്പർമാരും ആശംസകൾ നേർന്ന് സംസാരിച്ചു. കെ എ വിശ്വനാഥൻ മാസ്റ്റർ സ്വാഗതവും പ്രധാന അധ്യാപകൻ എ ഡി സാജു നന്ദിയും പറഞ്ഞു.പരിപാടികൾക്ക് പുന്നയൂർ പഞ്ചായത്ത് ജീവനക്കാരും, ഹരിത കേരളം മിഷൻ പ്രവർത്തകരും, സ്കൂൾ പിടിഎയും അധ്യാപകരും നേതൃത്വം നൽകി
ഇബ്രാഹിം നാസിമിന് നാടിൻ്റെ അനുമോദനം
