ചാവക്കാട്:ചാവക്കാട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്‍റെയും ചേറ്റുവ രാമുകാര്യാട്ട് സ്മാരകത്തിന്‍റെയും നിര്‍മ്മാണ ഉദ്ഘാടനം ഒക്ടോബര്‍ ആദ്യവാരത്തില്‍ നടത്താന്‍ തീരുമാനം 10.60 കോടി രൂപയില്‍ നിര്‍മ്മിക്കുന്ന ചാവക്കാട് താലൂക്ക് ആശുപത്രി കെട്ടിടത്തിന്‍റെയും 3 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചേറ്റുവ രാമുകാര്യാട്ട് സ്മാരകത്തിന്‍റെയും നിര്‍മ്മാണ ഉദ്ഘാടനം ഒക്ടോബര്‍ ആദ്യവാരത്തില്‍ നടത്താന്‍ തീരുമാനമായി. ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഗുരുവായൂർ നിയോജക മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ,ഇറിഗേഷന്‍ പദ്ധതികള്‍, വാട്ടര്‍ അതോറിറ്റി പദ്ധതികള്‍, ഹാർബർ പ്രവര്‍ത്തികള്‍ തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി. ചാവക്കാട് കോടതി കെട്ടിട നിര്‍മ്മാണം ദ്രുതഗതിയില്‍ നടക്കുന്നതായും സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും സ്പെഷല്‍ ബില്‍ഡിംഗ് വിഭാഗം അസി.എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഇരട്ടപ്പുഴ സ്ക്കൂള്‍, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ അണ്ടത്തോട് സ്ക്കൂള്‍, പുന്നയൂര്‍ ജി.എല്‍.പി സ്ക്കൂള്‍ എന്നിവയുടെ നിര്‍മ്മാണം എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നതായും ഈ സ്ക്കൂളുകളിലേക്ക് ബജറ്റില്‍ അനുവദിച്ച തുക ഉപയോഗിച്ച് കൂടുതല്‍ ക്ലാസ്സ് മുറികള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും എത്രയും വേഗം സാങ്കേതികാനുമതി നല്‍കി ടെണ്ടര്‍ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് കെട്ടിടവിഭാഗം അസി.എഞ്ചിനീയര്‍ യോഗത്തെ അറിയിക്കുകയുണ്ടായി ഗുരുവായൂര്‍ ആയുര്‍വ്വേദാശുപത്രി കെട്ടിട നിര്‍മ്മാണത്തിന്‍റെ ഭാഗമായി ആശുപത്രി താത്കാലികമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ഗുരുവായൂര്‍ നഗരസഭ നടപടികള്‍ സ്വീകരിച്ചുവരുന്നതായും ഈ മാസം തന്നെ താത്കാലിക കെട്ടിടത്തിലേക്ക് മാറുമെന്നും ടി സാഹചര്യത്തില്‍ പുതിയ കെട്ടിട നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി.ചിങ്ങനാത്ത് കടവ് പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് സ്പെഷല്‍ തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു.. തീരദേശ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എത്രയും വേഗം സ്ഥലമെടുപ്പ് നടപടികള്‍ സ്വീകരിക്കാനും എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.ചാവക്കാട് മുതല്‍ പഞ്ചാരമുക്ക് വരെയുള്ള റോഡിന്‍റെ നവീകരണം ,കാനനിര്‍മ്മാണം എന്നിവയില്‍ കാലതാമസം വരുന്നതില്‍ എം.എല്‍.എ അതൃപ്തി അറിയിച്ചു. അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് റോഡ് എക്സി.എഞ്ചിനീയര്‍ക്ക് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി.
ചാവക്കാട് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് എക്സി.എഞ്ചിനീയർ എസ് ഹരീഷ്, റോഡ് വിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ നവീന്‍, കെട്ടിട വിഭാഗം അസി.എക്സി.എഞ്ചിനീയര്‍ ബീന,വാട്ടര്‍ അതോറിറ്റിഅസി.എക്സി.എഞ്ചിനീയര്‍മാരായ നീലിമ എച്ച്.ജെ, മിനി ടി.എസ്, അഡീഷണല്‍ ഇറിഗേഷന്‍,മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് റോഡ്, കെട്ടിടം പാലം വിഭാഗങ്ങള്‍,വാട്ടര്‍ അതോറിറ്റി, കെ.ആര്‍.എഫ്.ബി,തുടങ്ങിയ വകുപ്പിലെ അസി.എഞ്ചിനീയര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ പൊതുമരാമത്ത് പ്രവൃത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു
