കോതമംഗലം:തെലുങ്ക് താരം വിജയ് ദേവരഗൊണ്ടയുടെ ഭൂതത്താൻകെട്ട് തുണ്ടത്തിൽ വനമേഖലയിലെ ഷൂട്ടിങ് സെറ്റിൽ കൊമ്പൻമാർ കുത്തുകൂടി ഇട ഞ്ഞു. ഇവയിലൊന്ന് ഉൾവനത്തിലേക്കു കടന്നു.പുതുപ്പള്ളി സാധുവാണ് കാട്കയറിയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ആനയെ കണ്ടെത്തിയതായി വിവരം ലഭിച്ചു. കൊമ്പൻ ആരോഗ്യ വാനാണെന്നും. അനുനയിപ്പിച്ച് കാടിന് പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയതായി ഫോറസ്റ്റ് അധികൃതർ അറിയിച്ചു.
ആറു ദിവസമായി നടന്നു വരുന്ന ഷൂട്ടിങ് ഇന്നലെ വൈകിട്ട് പാക്കപ്പായ ശേഷം ഷൂട്ടിങ്ങിനു കൊണ്ടുവന്ന ആനകളെ ലോറിയിൽ കയറ്റുമ്പോഴാണ് സംഭവം. മൂന്ന് പിടിയാനയും രണ്ട് കൊമ്പൻമാരുമാണ് ഉണ്ടായിരുന്നത്. ഒരു കൊമ്പൻ മറ്റൊന്നിനെ പുറകിൽ നിന്ന് കുത്തിയതാണ് സംഭവങ്ങളുടെ തുടക്കം.ഷൂട്ടിങ്ങിനായി ചങ്ങലയും മറ്റും നീക്കം ചെയ്തിരുന്നതിനാൽ കുത്തുകൊണ്ട ആനകളിലൊന്ന് തിരിഞ്ഞു കുത്തിയതായി പറയുന്നു. ഇതോടെ ഇടഞ്ഞ രണ്ട് ആനകളും കാട്ടിനുള്ളിലേക്കു ഓടിക്കയറി.പാപ്പാന്മാരും മറ്റും പിന്നാലെ എത്തിയെങ്കിലും ഒ ന്നിനെ മാത്രമെ പിടികൂടി തിരികെ എത്തിക്കാനായുള്ളു.കുത്തു കൊണ്ട് മറ്റൊരാനയായ പുതുപ്പള്ളി സാധു തുണ്ടം ഭാഗത്തെ തേക്ക് പ്ലാന്റേഷൻ പിന്നിട്ട് മാട്ടുങ്കൽ തോടും ചതുപ്പും കടന്ന് ഉൾവനത്തിലേക്കു കടക്കുകയായിരുന്നു.വനപാലകരും പാപ്പാന്മാരും ഷൂട്ടിങ് സൈറ്റിലുണ്ടായിരുന്നവരും മലയാറ്റൂർ ഡി.എഫ്.ഒ.ഖുറ ശ്രീനി വാസ്, തുണ്ടം റേഞ്ച് ഓഫീസർ കെ.അരുൺകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 60 ഓളം പേരടങ്ങുന്ന സംഘം പുതുപ്പള്ളി സാധുവിനായി അന്വേഷണം നടത്തുന്നതിനിടെയാണ് പഴയ ഫോറസ്റ്റ് സ്റ്റേഷനു സമീപം ആനയെ കണ്ടെത്തിയത്
ഷൂട്ടിങ് സെറ്റിൽ കൊമ്പൻമാർ കുത്തുകൂടി ഇടഞ്ഞു;പുതുപ്പള്ളി സാധു കാട്കയറി, തിരച്ചിലിനൊടുവിൽ കണ്ടെത്തി
