പോലീസിനുനേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ കാപ്പാ പ്രതിയടക്കം മൂന്ന്പേർ നമ്പീശൻ പടിയിൽ അറസ്റ്റിൽ

ഗുരുവായൂർ:പോലീസിന് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ കാപ്പാ പ്രതിയടക്കം മൂന്ന് പേരെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. വടക്കേകാട് കല്ലുർ കണ്ടമ്പുള്ളി അക്ഷയ് (24), ഒരുമനയൂർ ഒറ്റത്തെങ്  കോറോട്ട് നിതുൽ (25),വടക്കേകാട് കല്ലൂർ പ്രദീപ് (20) എന്നിവരെയാണ് ഗുരുവായൂർ പോലീസ് എസ്.എച്ച്.ഒ. സി. പ്രേമാനന്ദകൃഷ്ണന്റെ നിർദ്ദേശപ്രകാരം എസ്.ഐ. അനുരാജും സംഘവും അറസ്റ്റ് ചെയ്തത്. മൂന്നുപേരും ബൈക്കിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തുന്നത് കണ്ട പോലീസുകാരൻ ചോദ്യം ചെയ്തപ്പോഴാണ് ഇവർ കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്. തുടർന്ന് വാഹനത്തിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അഞ്ഞൂർ നമ്പീശൻ പടിയിൽ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പിടികൂടാൻ എത്തിയ പോലീസുകാർക്ക് നേരെയും ഇവർ കത്തി കാട്ടി ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസ് സാഹസികമായാണ് ഇവരെ കീഴടക്കിയത്. ജില്ലയിൽ പ്രവേശനവിലക്കുള്ള കാപാകേസിലെ പ്രതിയാണ് അക്ഷയ്. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിതുലും ചാവക്കാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ മൂന്നു പേരെയും റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *