പരൂർ പടവിൽനിക്ഷേപിക്കാൻ കൊണ്ടുവന്ന മത്സ്യ കുഞ്ഞുങ്ങളെ കർഷകർ തിരിച്ചയച്ചു

പുന്നയൂർക്കുളം:പരൂർ പടവ് പാടശേഖരത്തിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന മത്സ്യ കുഞ്ഞുങ്ങൾക്ക് വലിപ്പം കുറഞ്ഞതിനാൽ കർഷകർ തിരിച്ചയച്ചു.ഒരു നെല്ലും മീനും പദ്ധതി പ്രകാരം പരൂർ പാടശേഖരത്തിലെ 750 ഏക്കറോളം വരുന്ന പാടശേഖരത്തിൽ നഴ്‌സറി പോലും ഇല്ലാതെ ചെയ്യുന്ന കൃഷിക്ക് വളരെ ചെറിയ കുഞ്ഞുങ്ങളെ കൊണ്ടുവന്നു എന്ന കർഷകരുടെ പരാതിയെ തുടർന്നാണ് മത്സ്യകുഞ്ഞുങ്ങളെ തിരിച്ചയച്ചത്.എറണാകുളത്തെ ഹാച്ചറിയിൽ നിന്നാണ് 3 ലക്ഷം കുഞ്ഞുങ്ങളെ വലിയ വീപ്പകളിൽ എത്തിച്ചത്. ഉദ്ഘാടന ചടങ്ങിനു നിശ്ചിത വലുപ്പമുള്ള കുഞ്ഞുങ്ങളെ പ്രത്യേകം കവറിൽ കൊണ്ടുവന്നിരുന്നു. ചമ്മന്നൂർ മാഞ്ചിറയിൽ എൻ.കെ.അക്ബർ എംഎൽഎ കുഞ്ഞുങ്ങളെ വെള്ളത്തിൽ ഒഴുക്കി ഉദ്ഘാടനം ചെയ്‌തു. ബാക്കി കുഞ്ഞുങ്ങളെ ഇറക്കുന്നതിനിടെയാണ് വലുപ്പ കുറവ് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മത്സ്യം വേണ്ട എന്നായി കർഷകർ.മത്സ്യ വിത്തിനു കൈവിരൽ വലുപ്പമെങ്കിലും വേണം എന്നാണ് നിർദേശം. ചെറിയ കുഞ്ഞുങ്ങളെ ഇറക്കിയാൽ പാടത്തെ മറ്റു വലിയ മത്സ്യങ്ങളും തവളകളും ഇവയെ ആഹാരമാക്കും.പദ്ധതി പ്രകാരം 7 ലക്ഷം കട്‌ല, ഗ്രാസ് കാർപ് ഇനങ്ങളിലെ 7 ലക്ഷം കുഞ്ഞുങ്ങളെയാണ് രണ്ട് ഘട്ടമായി പാടശേഖരത്തിൽ ഇറക്കേണ്ടത്. ജൂൺ പകുതിയെങ്കിലും ഇറക്കിയാലേ നെൽ കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴേക്കും വിളവെടുപ്പ് നടത്താൻ പറ്റൂ. വലുപ്പമുള്ള കുഞ്ഞുങ്ങളെ അടുത്ത ആഴ്‌ച എത്തിക്കാമെന്നാണ് ഹാച്ചറിക്കാർ പറഞ്ഞിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *