പുന്നയൂർക്കുളം: ബസ് യാത്രയ്ക്കിടെ യുവതിയുടെ നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ വടക്കേകാട് പൊലീസ് അറസ്‌റ്റ് ചെയ്‌തു. മാളപള്ളിപ്പുറം തേമാലിപറമ്പിൽ അനീഷ് (41) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് കുന്നംകുളം വെളിയങ്കോട് റൂട്ടിലെ സ്വകാര്യ ബസിൽ യാത്രചെയ്ത് വെളിയങ്കോട് സ്വദേശിയായ യുവതിയെ ഇയാൾ കയറിപിടിക്കുകയായിരുന്നു. യുവതി പ്രതികരിച്ചപ്പോൾ ഇയാൾ ബസിൽ നിന്നു ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. ഇയാൾക്കെതിരെ മാള സ്‌റ്റേഷനിൽ സ്ത്രീപീഡന കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. എറണാകുളം പള്ളുരുത്തി സ്വദേശിയായ ഇയാൾ മാളയിലാണ് താമസം. എവിടേയ്ക്ക് ആണ് പോയിരുന്നത് എന്ന ചോദ്യത്തിനു പരസ്‌പര വിരുദ്ധമായ മറുപടിയാണ് പറയുന്നത്. എസ്‌ഐമാരായ സി.എൻ.ഗോപിനാഥൻ, പി.എ.സുധീർ, പി.എസ്.സാബു, സിപിഒമാരായ കെ.സി.ബിനീഷ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
ബസ് യാത്രയ്ക്കിടെ യുവതിയുടെ നേരെ ലൈംഗിക അതിക്രമം; യുവാവ് വടക്കേകാട് പൊലീസ് പിടിയിൽ
