പുന്നയൂർക്കുളം: പഞ്ചായത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടാൻ വളയിട്ട കൈകൾ രംഗത്ത്. നായ പിടിത്തത്തില്‍ തൃശൂർ കുടുംബശ്രീ മിഷനിൽ നിന്നുംപ്രത്യേക പരിശീലനം ലഭിച്ച ശാന്തി ബാബുരാജ്, രമണി സത്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് നായ്ക്കളെ വലയിട്ട് കുരുക്കാൻ മുന്നിട്ടിറങ്ങിയിട്ടുള്ളത്. പുന്നയൂർകുളത്ത് തെരുവുനായ്കൾക്ക് പേവിഷ ബാധയ്ക്ക് എതിരെയുള്ള കുത്തിവയ്പ്പ് എടുത്തു തുടങ്ങി . വിവിധ ഭാഗങ്ങളില്‍ നിന്നായി അന്‍പതോളം നായ്ക്കളെയാണ് കുത്തിവച്ചത് . യജ്ഞം തുടരുമെന്ന് ഇവർ പറഞ്ഞു. പിടികൂടുന്ന നായ്ക്കളെ തൽസമയം ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ കുത്തിവയ്പ്പ് നടത്തി തുറന്നുവിടും. വാക്‌സീന്‍ എടുത്ത നായ്ക്കളെ തിരിച്ചറിയാന്‍ പച്ച ചായം ഉപയോഗിച്ച് ദേഹത്ത് വരക്കുന്നുണ്ട്.
പഞ്ചായത്തില്‍ 428 നായ്ക്കള്‍ ഉണ്ടെന്നാണ് സെന്‍സസ് കണക്ക്. ഇതില്‍ 70 ശതമാനത്തിനെങ്കിലും കുത്തിവയ്പ്പ് എടുക്കാനാണ് തീരുമാനം. ഒരു നായക്ക് 300 രൂപ വീതമാണ് ഡോഗ് ക്യാച്ച് സംഘത്തിനു പഞ്ചായത്ത് നല്‍കുന്നത്. 105000 രൂപ പഞ്ചായത്ത് ഇതിനായി വകയിരുത്തിയിട്ടുണ്ട്. വാക്‌സീന്‍ മൃഗ സംരക്ഷണ വകുപ്പില്‍ നിന്നു നല്‍കും. വെറ്ററിനറി സര്‍ജന്‍ ഇ. നിയാസ്, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ സുബികുമാര്‍, കെ.കെ. കൃഷ്ണകുമാരി,വി. ജിന്‍സി രാജ് എന്നിവരാണ് കുത്തിവയ്പ്പിനു നേതൃത്വം നല്‍കുന്നത്. വടക്കേകാട് പഞ്ചായത്തില്‍ 116 നായ്ക്കള്‍ക്ക് കുത്തിവയ്പ്പ് എടുത്തു. ജില്ലയിലെ മറ്റു പഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലെയും തെരുനായ്ക്കളെ പിടികൂടി കുത്തിവയ്പ്പ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ വനിതാ ടീം.
പടം. പുന്നയൂർക്കുളത്ത്തെരുവുനായ്ക്കളെ പിടികൂടുന്ന കുടുംബശ്രീ അംഗങ്ങളായ ശാന്തി ബാബുരാജും രമണി സത്യനും.
തെരുവുനായ്ക്കൾ ജാഗ്രതെ..വളയിട്ട കൈകൾ വലയിൽ കുരുക്കും
