പുന്നയൂർക്കുളം: രോഗം കുടുംബത്തെ മുഴുവൻ കാർന്നുതിന്നിട്ടും തളരാത്ത മനസ്സുമായി വീൽചെയറിൽ ഇരുന്നു കൊണ്ട് ഷിംന ഒരുക്കുകയാണ് മുത്തുമണികൾ കൊണ്ട് നെയ്തെടുത്ത തിളങ്ങും നെറ്റിപ്പട്ടങ്ങൾ. ശരീരത്തെ തളർത്തുന്ന രോഗത്തെ തോല്പിച്ചുകൊണ്ട് ഷിംന ഉണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ അഞ്ച് പേരടങ്ങുന്ന കുടുംബത്തിൻ്റെ അന്നമാണ്. വടക്കേകാട് പഞ്ചായത്തിലെ ഞമനേങ്ങാട് സ്വദേശി പി.പി. ഷിംനയാണ് വിധിയെ തോൽപിച്ച് തളരുന്ന ശരീരവുമായി കുടുംബത്തെ പോറ്റാൻ പോരാടുന്നത്. തോൽക്കാൻ തയ്യാറല്ലാത്ത മനസ്സുമായി തൻ്റെ കൈകളാൽ ഒരു കുടുംബത്തിന് തന്നെ താങ്ങാ വുകയാണ് ഈ കൊച്ചു മിടുക്കി. പത്താംവയസ്സിലാണ് ഷിംനയ്ക്ക് മസ്കുലർ ഡിസ്ട്രോഫി (എസ്എംഎ) എന്ന അസുഖം ബാധിക്കുന്നത്. ആദ്യമൊക്കെ പിടിച്ചുപിടിച്ചാ ണെങ്കിലും നടക്കാൻ കഴിയുമായിരുന്നു പിന്നെ പിന്നെ അതിനും സാധിക്കാതെയായി. വീൽചെയറിലായി ഏറെക്കുറേ മുഴുവൻ സമയവും. ശരീരവും അവശനിലയാണ്. മരുന്നിന്റെ ഒരു ഡോസിന് ഒരു കോടിയോളം രൂപ വേണം. അതും കുട്ടികളിൽ മാത്രമാണ് ഫലസിദ്ധി ലഭിക്കുക. 34 -ാം വയസ്സിനിടെ ചികിത്സക്കായി കാണാത്ത ഡോക്ടർമാരും കഴിക്കാത്ത മരുന്നുകളും ഇല്ല. ഒന്നും ഫലം കണ്ടില്ല. ഇപ്പോൾ പ്രത്യേകിച്ച് ചികിത്സയെന്നും നടത്തുന്നില്ല.

പ്രാഥമികാവശ്യങ്ങൾക്ക് പോലും പരസഹായം കൂടിയേ തീരു എന്ന സ്ഥിതിയായതോടെ ബീഡിത്തൊഴിലാളിയായ അമ്മ ഗീതക്കും കിണർ പണിക്കാരനായ അച്ഛൻ പുരുഷോത്തമനും ജോലിക്കു പോകാനാകാതെയായി. വീട്ടിലിരുന്ന് മൊബൈൽ റീചാർജ് ചെയ്തു കൊടുത്തും കീചെയിൻ ഉണ്ടാക്കി വിറ്റുമാണ് പിന്നീട് ഈ കുടുംബം കഴിഞ്ഞിരുന്നത്. കോവിഡ് വില്ലനായി എത്തിയപ്പോൾ അതിനും കഴിയാതെയായി. ഷിംനയുടെ അതേ രോഗമുള്ള അനിയനും ശ്വാസകോശരോഗബാധിത യായ ചേച്ചിയുമടക്കം മൂന്നു പേരുടെയും ആരോഗ്യത്തെ കോവിഡ് ബാധിക്കുമെന്നായപ്പോൾ റീചാർജ് ചെയ്തു കൊടുക്കലും നിലച്ചു. വരുമാനം നിലച്ച തോടെ എന്തെങ്കിലും ചെയ്യണ മെന്നു ഷിംന തീരുമാനിച്ചു. അങ്ങനെയാണ് അലങ്കാര നെറ്റിപ്പട്ട നിർമാണത്തിലേക്ക് തിരിയുന്നത്. യുട്യൂബ് വഴിയാണ് അലങ്കാരനെറ്റിപ്പട്ട നിർമാണം പഠിച്ചത്. ശരീരം തളർന്നെങ്കിലും ചലനശേഷി നഷടപെടാത്ത കൈകൾ മാത്രം ഉപയോഗിച്ചാണ് ഒട്ടും എളുപ്പമല്ലാത്ത ആരെയും ആകർഷിക്കുന്ന രീതിയിലുള്ള അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നത്. നെറ്റിപ്പട്ടത്തിനാവിശ്യമായ തുണികൾ മുറിച്ചെടുക്കുന്നതും ആവശ്യമായ വസ്തുക്കൾ കടകളിൽ നിന്ന് വാങ്ങിച്ചു കൊണ്ടുവരുന്നതും അച്ഛനാണ്. ആവശ്യത്തിനനുസരിച്ച് വിവിധ വലുപ്പത്തിലുള്ള നെറ്റിപ്പട്ടങ്ങൾ ആവിശ്യക്കാർക്ക് നിർമ്മിച്ചു നൽകുകയാണ് ചെയ്യുന്നത്. അഞ്ച് അടി വലിപ്പമുള്ള നെറ്റിപ്പട്ടം പതിനായിരം രൂപയ്ക്കാണ് നൽകുന്നത്. സാമഗ്രഹികളുടെ വിലയും പണികൂലിയും കണക്കാക്കിയാൽ അത്രത്തോളം തന്നെ നിർമാണ ചെലവ് വരുന്നുണ്ട്.
ഷിംനയുടെ അതേ രോഗമാണ് അനിയൻ ഷിബിന്. ശ്വാസകോശ രോഗബാധിതയാണ് ചേച്ചി ഗ്രീഷ്മ. പഠനത്തിൽ ആരും മോശമായിരുന്നില്ല. ഗ്രീഷ്മ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് രോഗം വന്ന് കിടപ്പിലാവുന്നത്. ആറാം ക്ലാസ് വരെ മാത്രമാണ് അനിയൻ ഷിബിന് പഠിക്കാനായത്. പ്ലസ് ടു വരെ പഠിച്ച ഷിംന അലങ്കാര ആലവട്ടവും മറ്റ് കൗതുക വസ്തുക്കളും നെറ്റിപ്പട്ടത്തോടൊപ്പം നിർമ്മിക്കുന്നുണ്ട്. സുമനസ്സുകളുടെ സഹായത്താലാണ് ഇവർക്ക് സ്വന്തമായി ഒരു വീടായത്. ദുരിതങ്ങളെ നിഷ്കളങ്കമായ ചിരിയിലൊതുക്കി വിധിയെ തോല്പിച്ച് മുന്നേറുകയാണ്
ഷിംന. ഫോൺ. 9745497031
പടം. ഷിംന നെറ്റിപ്പട്ട നിർമ്മാണത്തിൽ
