ഗുരുവായൂർ ദേവസ്വം വായനദിന സെമിനാർ നടത്തി

ഗുരുവായൂർ:മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട സമസ്ത വിഷയങ്ങളെക്കുറിച്ചും അറിവു നൽകുന്ന പുസ്തകവായന പ്രതിസന്ധികളെ അതിജീവിക്കുവാൻ കരുത്തേകുമെന്ന് പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറുമായ അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു. വായനയിൽ പ്രധാനം പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പാണ്. പരിമിതമായ ജീവിതത്തിൽ നമ്മെ ആഹ്ളാദിപ്പിക്കുന്ന, ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പുതിയ ആശയങ്ങൾ നൽകുന്ന പുസ്തകങ്ങൾ വായനക്കായി തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.ഗുരുവായൂർ ദേവസ്വം വായനദിന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. അനേകം ജീവിതങ്ങളുടെ ദർശനം മനസിലാക്കാൻ പുസ്തകവായന സഹായിക്കുമെന്ന് സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ച് കുന്നംകുളം വിവേകാനന്ദ കോളേജിലെ മലയാള വിഭാഗം അസി.പ്രൊഫസർ. ഡോ.കല സജീവൻ പറഞ്ഞു.വായന ഒരു ഹോബിയല്ല. ശീലമാണ്. അത് സംസ്കാരമായി ജീവിതത്തിൽ ഉൾചേർക്കണം – ഡോ.കല സജീവൻ പറഞ്ഞു. എന്ത് വായിക്കണം, എങ്ങനെ വായിക്കണമെന്നത് നിരന്തര വായനയിലൂടെ ആർജ്ജിക്കുന്ന സിദ്ധിയാണെന്ന് കവിയും പ്രഭാഷകനും ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗം അധ്യാപകനുമായ ഡോ.ബിജു ബാലകൃഷ്ണൻ പറഞ്ഞു. വായിച്ച പുസ്തകങ്ങളിലൂടെ നാടിനെ അറിയാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗൗരവമായ വായന കുറഞ്ഞിട്ടില്ലെന്ന് സെമിനാറിൽ മോഡറേറ്ററായിരുന്ന പ്രൊഫ.എം. ഹരിദാസ് പറഞ്ഞു. പഴയ കാല ജനപ്രിയ നോവൽ വായനയിൽ ഇടിവുണ്ടായത് ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിനാറിൽ പങ്കെടുത്തവർക്കും വായനദിനത്തിൻ്റെ ഭാഗമായി നടത്തിയ ഉപന്യാസ രചന, പ്രശ്നോത്തരി മത്സരങ്ങളിൽ വിജയികളായവർക്കും ചടങ്ങിൽ സർട്ടിഫിക്കറ്റും ഉപഹാരങ്ങളും സമ്മാനിച്ചു.
ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതവും പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ കെ.ജി.സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *