ഗുരുവായൂർ:ക്ഷേത്രത്തിൻ്റെ പരിസരങ്ങളിൽ താമസിച്ചു വരുന്ന ഭക്തർക്ക് സുഖമമായി തൊഴാനുള്ള സൗകര്യമൊരുക്കണമെന്ന് പ്രദേശവാസികളുടെ നിവേദനം.
ഈ ക്ഷേത്രത്തിലെ പടച്ചോറും നിവേദ്യങ്ങളും കഴിച്ചാണ് ഞങ്ങളുടെ മുൻതലമുറകൾ ജീവിച്ചു വന്നിരുന്നത്. ക്ഷേത്രചൈതന്യം അനുഭവിച്ചറിഞ്ഞ ഭക്തജനങ്ങൾ കൂടുതലായി എത്തിച്ചേരുകയും അതിനനുസരിച്ചുള്ള വികസനങ്ങൾ പരിസരങ്ങളിൽ ഉണ്ടാവുകയും ചെയ്യുന്നു. ക്ഷേത്രവികസനത്തിന്റെ പേരിൽ ഞങ്ങളുടെ പല കുടുംബങ്ങളും കുടിയൊഴിപ്പിക്കപ്പെട്ടു.ഞങ്ങൾ ഗുരുവായൂരിലുള്ള മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറുകയും ചെയ്‌തു. നാളിതുവരെ പ്രാദേശികം എന്ന പേരിൽ ഭഗവാനെ ദർശിക്കാനുള്ള സൗകര്യം ഞങ്ങൾക്കുണ്ടായിരുന്നു. അടുത്ത കാലത്തായി ഈ ഒരു സൗകര്യത്തിനും ഞങ്ങൾ അവഗണന നേരിടുകയാണ്, കാലത്തും വൈകുന്നേരങ്ങളിലും ഒരു നിശ്ചിത സമയങ്ങളിൽ അയ്യപ്പക്ഷേത്രത്തിനു സമീപത്തുള്ള വഴികളിൽ കൂടി ഞങ്ങൾക്ക് ദർശന സൗകര്യം ലഭിച്ചിരുന്നു. ഇപ്പോൾ സീനിയർ സിറ്റിസൺ വിഭാഗവും മാനേജർ ടോക്കൺ നൽകുന്നവരും പ്രാദേശികവും ഒന്നിച്ച് വടക്കുഭാഗത്തുള്ള വഴിയിൽ കൂടി കടത്തി വിടുന്നു. ഈ ക്യൂ സംവിധാനം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്, ജനറൽ ക്യൂ കൊടിമരച്ചുവട്ടിലൂടെ നേരെ വിടുന്നതിനാൽ ക്ഷേത്ര പ്രദക്ഷിണവും ശയന പ്രദക്ഷിണവും അടി പ്രദക്ഷിണവും അനുവദിക്കപ്പെടുന്നില്ല. മാത്രവുമല്ല പ്രാദേശികം എന്നുപറയുമ്പോൾ ചില സെക്യൂരിറ്റി ജീവനക്കാരുടെ വളരെ പരുഷമായ പെരുമാറ്റവും ഞങ്ങൾക്കുണ്ടാകുന്നു.
കാലത്ത് ക്ഷേത്രദർശനം കഴിഞ്ഞ് മറ്റുപല തൊഴിലുകളിലും പോകേണ്ടതായ ഞങ്ങൾക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കുവാനുള്ള അസൗകര്യം മനസ്സിലാക്കി കൊണ്ട് പഴയതുപോലെ അയ്യപ്പ ക്ഷേത്രത്തിനു സമീപത്തുകൂടി ദർശന സൗകര്യം ഒരുക്കി തരുവാൻ വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു.
കൗൺസിലർമാരായ ശോഭ ഹരി നാരായണൻ,ജ്യോതിരവീന്ദ്രനാഥ്, ഭക്തൻമാരായ ജയപ്രകാശ്, കൃഷ്ണകുമാരൻ, ദിലീപ് ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അഡ്മിനിസ്ടേറ്ററെ കണ്ട് നിവേദനം കൊടുത്തത്
ദേവസ്വം കൃത്രിമ തിരക്കുണ്ടാക്കി പ്രാദേശികകരുടെ ദർശന സൗകര്യം മുടക്കുന്നു; നിവേദനവുമായി പ്രദേശവാസികൾ
