കാട്ടുപന്നിയിറച്ചി വില്പന;  വടക്കാഞ്ചേരിയിൽ രണ്ട് പേർ അറസ്റ്റിൽ

വടക്കാഞ്ചേരി: ഫോറസ്റ്റ് റേഞ്ചിലെ മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള തിരുവില്ലാമല,കൊണ്ടാഴി, മായന്നൂർ, കുത്താമ്പുള്ളി മേഖലകളിൽ കാട്ടുപന്നികളെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി തൃശ്ശൂർ,പാലക്കാട് ജില്ലകളിൽ വ്യാപകമായി വിതരണം ചെയ്തുകൊണ്ടിരുന്ന ക്രിമിനൽ സംഘങ്ങളെ വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി അശോക് രാജിന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പിടിയിലായ തിരുവില്വാമല കുണ്ടുകാട് കോളനി ഭാഗത്ത് താമസിക്കുന്ന കോലത്തുപറമ്പിൽ അബുതാഹിർ (42),പാലക്കാട് മണ്ണൂർ മങ്കര സ്വദേശി വാരിയത്ത് പറമ്പ് രാജേഷ് (39)എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ദീർഘകാലമായി ഒളിവിലായിരുന്ന ഇരുവരെയും അടുത്തടുത്ത ദിവസങ്ങളിലാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. പിടിയിലായ അബുതാഹിർ തിരുവില്വാമലയിൽ മീൻ സ്റ്റാൾ
പ്രവർത്തിപ്പിച്ചുവരികയായിരുന്നു. ഇതിൻ്റെ മറവിൽ ആയിരുന്നു അനധികൃത കാട്ടുപന്നിയിറച്ചി വ്യാപാരം നടത്തി വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്നോളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി, കുന്നംകുളം മേഖലയിലെ ചില പ്രമുഖ വ്യക്തികളും ക്വാറി ഉടമകളും നിരീക്ഷണത്തിലാണ്. പഴയന്നൂർ, ചേലക്കര, കൊണ്ടാഴി, പാഞ്ഞാൽ ഉൾപ്പെട്ട തൃശ്ശൂർ ജില്ലയുടെ വടക്കൻ മേഖല കേന്ദ്രീകരിച്ച് വൻതോതിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള കാട്ടുപന്നിവേട്ട നടന്നുവരുന്നത്. പാലക്കാട് ജില്ലയിലെ ചില ക്വട്ടേഷൻ ടീമുകളും ഇതിൻ്റെ ചുക്കാൻ പിടി ച്ചു വരുന്നതായും വിവര ലഭിച്ചിട്ടുണ്ട്.അടുത്തകാലത്ത് സ്കൂൾ ബസ് പന്നിപ്പടക്കത്തിൽ കയറി ഉണ്ടായ അപകടം, പഴയന്നൂർ സ്കൂൾ വളപ്പിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട് ഒരു ആന്ധ്ര സ്വദേശിയെയും റിട്ട. ക്രൈം ബ്രാഞ്ച് സബ് ഇൻസ്പെക്ടറുമടങ്ങുന്ന ഏതാനും പ്രതികളെ നാളുകൾക്കു മുൻപ് വടക്കാഞ്ചേരി റേഞ്ച് ഓഫീസറും സംഘവും പിടികൂടി റിമാൻഡ് ചെയ്തിരുന്നു. അന്വേഷണസംഘത്തിൽ റെയിഞ്ച് ഓഫീസറെ കൂടാതെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സിഎൻ സാജു, മണികണ്ഠൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ദിനേശൻ, പ്രവീൺ, അമൃത, സുനിത, അവിനാശ് ,നിക്സൺ, ഡ്രൈവർമാരായ ടി എൻ ഷാജു, ശശികുമാർ എന്നിവരും ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *