ചാവക്കാട്:കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതിന് വീട്ടിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 5 വർഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ.ചാവക്കാട് ഒരുമനയൂരിൽ തെക്കുംതല വീട്ടിൽ സുബ്രഹ്മണ്യൻ മകൻ സുമേഷിനെ(39)കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് രണ്ടാം പ്രതി തെക്കഞ്ചേരി പെരിങ്ങാടൻ വീട്ടിൽ സുന്ദരൻ മകൻ അജിത്തി(26)നെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ആയി ആകെ 5 വർഷം കഠിനതടവിനും 10000 രൂപ പിഴയടയ്ക്കാനും,പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം കഠിനതടവിനും ശിക്ഷിച്ചത്.ഈ കേസിലെ ഒന്നാംപ്രതി തെക്കഞ്ചേരി വലിയകത്ത് വീട്ടിൽ മൊയ്തുണി മകൻ ജബ്ബാർ,മൂന്നാംപ്രതി ഒരുമനയൂർ ഒറ്റതെങ്ങ് രായംവീട്ടിൽ ബഷീർ മകൻ ഷനൂപ് എന്നിവരെ കോടതി വിവിധ വകുപ്പുകളിലായി 5 വർഷം കഠിനതടവിനും 20000 രൂപ പിഴ അടയ്ക്കുന്നതിനും, പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം കഠിനതടവിനും 09.09.24 തിയ്യതിയിൽ ശിക്ഷിച്ചിരുന്നു.രണ്ടാംപ്രതി അജിത് വിചാരണയ്ക്കിടയിൽ ഒളിവിൽ പോവുകയായിരുന്നു.പ്രതികൾ തെക്കഞ്ചേരി അടുത്തുള്ള പാലത്തിൽ വെച്ച് കഞ്ചാവ് വലിക്കുന്നത് സുമേഷ് ചോദ്യം ചെയ്തിരുന്നു.ഈ വിരോധം വെച്ച് സുമേഷിന്റെ തെക്കഞ്ചേരിയിലുള്ള ഭാര്യ വീട്ടിലേക്ക് 2019 നവംബർ 25 രാത്രി 9.15 മണിക്ക് പ്രതികൾ അതിക്രമിച്ചുകയറി വന്ന് വയറിൽ കത്തികൊണ്ട് കുത്തുകയും സുമേഷ് പെട്ടെന്ന് ഇടതുകൈകൊണ്ട് തടഞ്ഞതിൽ ഇടതുകൈക്ക് സാരമായി പരിക്കുപറ്റുകയും ചെയ്തു.ആളുകൾ ഓടിക്കൂടിയത്തോടെ പ്രതികൾ കൊലവിളി നടത്തി രക്ഷപ്പെടുകയും ചെയ്തു.തുടർന്ന് പരിക്കേറ്റ സുമേഷിനെ ബന്ധുക്കൾ ചികിത്സക്കായി ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്കും,തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അമല ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു.പിഴ സംഖ്യ പരിക്കുപറ്റിയ സുമേഷിന് നൽകാൻ വിധിയിൽ പ്രത്യേക പരാമർശം ഉണ്ട്.സുമേഷിന്റെ ഭാര്യയുടെ മൊഴി നിർണായകമായി.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 22 രേഖകൾ ഹാജരാക്കി 11 സാക്ഷികളെ വിസ്തരിക്കുകയും, തൊണ്ടിമുതലുകൾ ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.ചാവക്കാട് എസ്ഐ ആയിരുന്ന കെ.പി.ആനന്ദ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.തുടർന്ന് ചാവക്കാട് എസ്ഐ ആയിരുന്ന യു.കെ.ഷാജഹാൻ പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.ആർ.രജിത് കുമാർ ഹാജരായി.കോർട്ട് ലൈസൻ ഓഫീസറായ എഎസ്ഐ പി.ജെ.സാജനും പ്രോസിക്യൂഷനെ സഹായിച്ചു.
വീട്ടിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 5 വർഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ
