പുന്നയൂർ:യൂത്ത് കോൺഗ്രസ്, കെഎസ്‌യു നടത്തിയ കലക്ട്രേറ്റ് മാർച്ചിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി ഒന്നാം പ്രതി. അയ്യന്തോൾ പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം 768 /2018 നമ്പർ കേസിലാണ് ഒന്നാംപ്രതിയായി സിപിഎം ഒറ്റയിനി ബ്രാഞ്ച് സെക്രട്ടറി ഹാഷിം തയ്യിൽ അകലാട് ഒന്നാം പ്രതിയായത്. 2004 മുതൽ സിപിഎമ്മിന്റെ ഒറ്റയിനി ബ്രാഞ്ച് അംഗമായി പ്രവർത്തിച്ചുവരുന്ന ഹാഷിം 2007 മുതൽ ഒറ്റയിനി ബ്രാഞ്ച് സെക്രട്ടറിയാണ്. ഇതിനിടെയാണ് ഓഗസ്റ്റ് 22ന് അയ്യന്തോൾ പോലീസ് സ്റ്റേഷനിൽ നിന്ന് ഹാഷിമിനെ ഒന്നാം പ്രതിയാണെന്നും പ്രസ്തുത കേസിൽ വാറണ്ടായിട്ടുണ്ടെന്നും ഉടൻ കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടി അയ്യന്തോൾ പോലീസ് സ്റ്റേഷനിൽ വരണമെന്നും അല്ലാത്തപക്ഷം വീട്ടിൽ വന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോകും എന്ന അറിയിപ്പ് ലഭിച്ചത്. ഈ കേസിലെ മറ്റു പ്രതികളെല്ലാം കോൺഗ്രസ് പ്രവർത്തകരാണ്. സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകരിൽ തൻ്റെ പേരും അഡ്രസ്സും പൂർണമായി അറിയുന്ന ആരോ പോലീസുകാരെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ച് തൻ്റെ പേരും അഡ്രസ്സും ദുരുപയോഗം ചെയ്ത് കേസിൽ പ്രതിയാക്കിയെന്നാണ് ഹാഷിം പറയുന്നത്. തനിക്കുണ്ടായ മാനഹാനിക്കും തൻ്റെ പേര് ഉൾപ്പെടുത്തിയവർക്കെതിരെയും വിശദമായ അന്വേഷണം നടത്തുകയും തനിക്ക് ഒരു തരത്തിലും ബന്ധമില്ലാത്ത കേസിൽ തന്നെ പ്രതി ചേർത്ത പോലീസുകാർക്കെതിരെയും തൻ്റെ പേര് ദുരുപയോഗം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹാഷിം മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി
യൂത്ത് കോൺഗ്രസ് കളക്ട്രേറ്റ് മാർച്ചിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒന്നാം പ്രതി
