യൂത്ത് കോൺഗ്രസ്സ് നേതാവ് വി.എസ് സുജിത്തിന് കുന്നംകുളം പോലീസിൻ്റെ ക്രൂര  മർദ്ദനം;സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കുന്നംകുളം : യൂത്ത് കോൺഗ്രസ്സ്‌ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ അകാരണമായി പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദിക്കുകയും പരിക്കേല്പിക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരം ലഭിച്ചു. 2023 ഏപ്രിൽ അഞ്ചിന് ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ സുജിത്തിനെ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയും തുടർന്ന് സ്റ്റേഷനിൽ വെച്ച് എസ് ഐ നുഹ്മാൻ,സി പി ഒ മാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. മദ്യപിച്ചു പ്രശ്നമുണ്ടാക്കുകയും പോലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന് വ്യാജ എഫ് ഐ ആർ ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടക്കാൻ ആയിരുന്നു പോലീസ് നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ വൈദ്യ പരിശോധനയിൽ പോലീസ് ആക്രമണത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് സുജിത്ത് പോലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എന്നാൽ പോലീസ് ഈ പരാതിയിൽ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയാറായില്ല. മാത്രമല്ല സുജിത്തിനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥർ ജില്ലയിൽ ക്രമസമാധാന ചുമതലയിൽ വിലസുകയാണ്. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു, തുടർന്ന് തെളിവുകൾ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കുന്നംകുളത്തെ പോലീസുകാർക്കെതിരെ ക്രൂര മർദ്ദനമേല്പിച്ച സംഭവത്തിൽ അസാധാരണമാം വിധം നേരിട്ട് കേസെടുത്തു.തന്നെ മർദിച്ചതിന്റെ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി പോലീസിൽ നിന്ന് അന്നേ ദിവസത്തെ ഡിസിടിവി ദൃശ്യങ്ങൾക്ക് അപേക്ഷ നൽകിയിരുന്നു, എന്നാൽ പോലീസ് പല കാരണങ്ങൾ പറഞ്ഞു ദൃശ്യം നൽകുന്നത് തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. തുടർന്ന് സുജിത്ത് വിവരാവകാശ നിയമപ്രകാരം സി സി ടി വി ദൃശ്യം ആവശ്യപ്പെട്ടെങ്കിലും പോലീസ് നിസ്സഹകരണ സമീപനം തുടരുകയായിരുന്നു. സുജിത്ത് നൽകിയ അപ്പീൽ അപേക്ഷയിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ സംസ്ഥാനത്ത് ആദ്യമായി തന്നെ ഒരു പോലീസ് സ്റ്റേറ്റിനിലെ സിസിടിവി ദൃശ്യങ്ങൾ നൽകാനുള്ള അസാധാരണമായ ഉത്തരവിട്ടു. തുടർന്നും പോലീസിന്റെ അലംഭാവത്തെ തുടർന്ന് വിവരാവകാശ കമ്മീഷൻ പോലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ട് സുജിത്ത് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ നൽകുവാൻ കർശന നിർദേശം നൽകുകയായിരുന്നു.ഇതിന്റെ ഭാഗമായാണ് ഇപ്പോൾ സുജിത്തിന് തന്നെ പോലീസ് സ്റ്റേഷനിലെ പല സ്ഥലങ്ങളിൽ വെച്ച് എസ് ഐ ഉൾപ്പടെ പോലീസുക്കാർ മർദിച്ചു അവശനാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായത്. നിലവിൽ കോടതി ഈ പൊലീസുകാർക്കെതിരെ നേരിട്ടെടുത്ത കേസിൽ വിചാരണ നടന്നു വരികയാണ്.നേരത്തെ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്ന കെ.സി സേതു സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലും സുജിത്തിന് മർദ്ദനമേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. എസ് ഐ നുഹ്മാനും സിപിഒ മാരായ സജീവ്, സന്ദീപ് എന്നിവരും ചേർന്ന് സുജിത്തിനെ മർദിക്കുന്നതായി സി സി ടി വി ദൃശ്യങ്ങൾ തന്നെ തെളിവായി ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു… കൂടുതൽ ദൃശ്യങ്ങൾ കാണാം

Leave a Reply

Your email address will not be published. Required fields are marked *