അഞ്ഞൂർ:പ്രശസ്ത കലാ പരിശീലന കേന്ദ്രമായ അഞ്ഞൂർ പൂങ്ങാട്ടുമന സരസ്വതി കലാകേന്ദ്രത്തിലെ കുരുന്നുകൾ അവർ സ്വായത്തമാക്കിയ വാദ്യകലയെ അരങ്ങത്തേക്ക് എത്തിക്കുന്നു. വാദ്യ കലാകാരൻ ഇരിങ്ങപ്പുറം ബാബുവിൻ്റെ ശിഷ്യനും കലാകേന്ദ്രത്തിലെ അദ്ധ്യാപകനുമായ നിഖിൽ പാവറട്ടിയുടെ കീഴിൽ ചെണ്ട അഭ്യസിച്ച 28 കുരുന്നുകളുടെ പഞ്ചാരിമേളം അരങ്ങേറ്റമാണ് ഞായറാഴ്‌ച വൈകിട്ട് 6 ന് കിഴൂർ കാർത്ത്യായനി ക്ഷേത്രത്തിൽ വെച്ച് നടക്കുന്നത്. കുരുന്നുകൾക്കൊപ്പം ഏഴ് പേർ വലം തലയിലും അരങ്ങേറ്റം കുറിക്കുന്നു. കഴിഞ്ഞ വർഷം അരങ്ങേറ്റം നടത്തിയ 19 കുട്ടികളും ഇവർക്കൊപ്പം താളവുമായി അരങ്ങിലെത്തുന്നു. എട്ട് വയസ്സു മുതൽ 18 വയസ്സുവരെയുള്ള കുട്ടികളും, ഒരു ബാലികയും, 56 വയസ്സുകാരനും അരങ്ങേറ്റം കുറിക്കുന്നു. കൊമ്പും കുഴലും താളവുമൊക്കെയായി നൂറ്റിഇരുപതോളം കലാകാരന്മാർ ഒന്നിച്ചണിനിരക്കുന്ന അണിനിരക്കുന്ന വാദ്യവിസ്‌മയം കാണാൻ കാത്തിരിക്കുകയാണ് കലാസ്നേഹികൾ. കലാകേന്ദ്രത്തിലെ നവരാത്രി ആഘോഷം 29 ന് ആരംഭിക്കും. ഒക്ടോബർ 2 ന് രാവിലെ പുതിയ ബാച്ചുകൾ ആരംഭിക്കും വൈകീട്ട് 4 ന് വായ്പാട്ട് അരങ്ങേറ്റം, വിവിധ കലാപരിപാടികൾ, കളരി പ്രദർശനം, തുടങ്ങിയവയും നടക്കും.
പഞ്ചാരിയിൽ പെരുക്കാൻ സരസ്വതികലാകേന്ദ്രത്തിലെ കുരുന്നുകൾ; അരങ്ങേറ്റം ഞായറാഴ്ച
