ചൊവ്വന്നൂരിൽ വൻ മദ്യവേട്ട; 60 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ചൊവ്വന്നൂർ സ്വദേശി അറസ്റ്റിൽ.

കുന്നംകുളം: ചൊവ്വനൂരിൽ വില്പനയ്ക്കായി സൂക്ഷിച്ച 60 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. ചൊവ്വന്നൂർ സ്വദേശി മേനോത്ത് വീട്ടിൽ 42 വയസ്സുള്ള ശിവരാജിനെയാണ് കുന്നംകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടുദിവസം ബീവറേജ് മുടക്കമായതിനാലും മേഖലയിലെ പെരുന്നാൾ ആഘോഷങ്ങൾ ലക്ഷ്യമിട്ടുമാണ് വൻ ലാഭം പ്രതീക്ഷിച്ച് പ്രതി വിൽപ്പനയ്ക്കായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം സൂക്ഷിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 120 കുപ്പികളിലായി സൂക്ഷിച്ച 60 ലിറ്റർ മദ്യം പിടികൂടിയത്. ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ അബ്കാരി ആക്ട് പ്രകാരം എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഫൽഗുണൻ, സുനിൽദാസ്, പ്രവൻ്റീവ് ഓഫീസർ മധു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീരാഗ്, ഗണേശൻപിള്ള, ഷിബിൻ, സതീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ റൂബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *