തിരുവനന്തപുരം:അപേക്ഷകള്‍ ലഭിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം നവംബർ 26 മുതല്‍ ആരംഭിക്കും.തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏർപ്പെടുന്ന ജീവനക്കാരെ അവരുടെ ഡ്യൂട്ടി നിർവചിച്ചും അതിലേക്ക് നിയോഗിച്ചും കൊണ്ട് ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ പോലീസ് മേധാവികള്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവർ യഥാസമയം ഉത്തരവ് പുറപ്പെടുവിക്കണം.പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർ അവരെ ഡ്യൂട്ടിയില്‍ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവിൻ്റെ ശരിപ്പകർപ്പ് സഹിതം നിശ്ചിത ഫോറത്തിലും സമയത്തും ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ നല്‍കേണ്ടതാണെന്ന് കമ്മിഷൻ എല്ലാ വരണാധികാരികള്‍ക്കും നിർദ്ദേശം നല്‍കി. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് മൂന്ന് ബാലറ്റുകളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലേക്ക് ഓരോ ബാലറ്റുമാണ് നല്‍കേണ്ടത്. പോളിംഗ് ഡ്യൂട്ടിയിലുള്ള സമ്മതിദായകരുടെ തപാല്‍ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും വരണാധികാരികളോടും കമ്മിഷൻ ആവശ്യപ്പെട്ടു.
ആർക്കൊക്കെ പോസ്റ്റല്‍ ബാലറ്റിന് അർഹതയുണ്ട്?
പോസ്റ്റല്‍ ബാലറ്റ് ലഭിക്കാൻ അർഹതയുള്ളവർ ഇവരാണ്:
- പോളിംഗ് സ്റ്റേഷനില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർ.
- പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിലെ മുഴുവൻ ജീവനക്കാർക്കും.
- ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളിലെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെയും ഇലക്ഷൻ വിഭാഗം ജീവനക്കാർ.
- വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷൻ വിഭാഗം ജീവനക്കാർ.
- ഒബ്സർവർമാർ.
- സെൻട്രല്‍ ഓഫീസർമാർ.
- ആംഡ് ഡിഫൻസ് സ്ക്വാഡിലെ ഉദ്യോഗസ്ഥർ.
- തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളില്‍ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർ.
പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിക്കാം
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ പോസ്റ്റല്‍ ബാലറ്റിനായി ഫോറം 15-ല്‍ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം വരണാധികാരിയുടെ ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിലും (https(dot)sec(dot)kerala(dot)gov(dot)in/) ലഭിക്കും.
വോട്ട് രേഖപ്പെടുത്തുന്നതിന് ഏറ്റവും കുറഞ്ഞത് ഏഴ് ദിവസം മുൻപോ അല്ലെങ്കില്‍ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്കോ മുൻപോ ലഭിക്കത്തക്കവിധം അപേക്ഷ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് അയക്കുകയോ നേരിട്ട് നല്‍കുകയോ ചെയ്യാം. നേരിട്ട് നല്‍കുമ്ബോള്‍ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തിയിരിക്കണം.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അതിൻ്റെ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകള്‍ നല്‍കണം. മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി നല്‍കിയാല്‍ മതി. എല്ലാ തലത്തിലെയും പോസ്റ്റല്‍ ബാലറ്റിനായി മൂന്ന് വരണാധികാരികള്‍ക്കുമുള്ള ഫോറം 15-ലെ മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നല്‍കിയാലും മതിയാകും. ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകള്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിൻ്റെ ബാലറ്റ് അയക്കുന്നത് ചുമതലപ്പെടുത്തിയ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ്.
ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍, ഫോറം 16-ലെ സത്യപ്രസ്താവന (മൂന്ന് വീതം), ഫോറം 17-ലെ സമ്മതിദായകർക്കുള്ള നിർദ്ദേശങ്ങള്‍ (ഒന്ന് വീതം), ഫോറം 18-ലെ ചെറിയ കവറുകള്‍ (മൂന്ന് വീതം), ഫോറം 19-ലെ വലിയ കവറുകള്‍ (മൂന്ന് വീതം) എന്നിവ ഒരുമിച്ച് ഒരു വലിയ കവറിലാക്കി അപേക്ഷകന് നേരിട്ടോ സ്പീഡ് പോസ്റ്റ് വഴിയോ നല്‍കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഇവയെല്ലാം ഓരോന്ന് വീതമാണ് നല്‍കുക. നേരിട്ട് കൈമാറുകയാണെങ്കില്‍ അപേക്ഷകൻ ഹാജരാകണം.
