കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തതിനാൽ ജലനിരപ്പ് 140 അടിയിലെത്തി. ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ഒന്നാം ജാഗ്രതാനിർദേശം നൽകി തമിഴ്‌നാട്.
രണ്ട് ദിവസത്തിനിടയിൽ അണക്കെട്ടിൽ ഉയർന്നത് മൂന്നടിയോളം വെള്ളമാണ്. അണക്കെട്ടിൽ നിലവിലെ റൂൾ കർവ് പ്രകാരം തമിഴ്‌നാടിന് 142 അടിവരെ വെള്ളം സംഭരിക്കാനാകും. അണക്കെട്ടിലേക്ക് 4000 ഘനയടി വെള്ളം ഒഴുകിയെത്തുന്നു. സെക്കൻഡിൽ 698 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. പരമാവധി 71 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടിൽ ജലനിരപ്പ് 61 അടിയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നാൽ കൂടുതൽ വെള്ളം വൈഗയിലേക്ക് ഒഴുക്കും. ചൊവ്വാഴ്ച മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രശേദത്ത് മഴ ദുർബലപ്പെട്ടതിനാൽ ജലനിരപ്പ് നേരിയതോതിൽ കുറഞ്ഞിട്ടുണ്ട്.
പെരിയാറിൽ ജലനിരപ്പ് താഴ്ന്ന് നിൽക്കുന്നതിനാൽ, അണക്കെട്ട് തുറക്കേണ്ടിവന്നാൽപ്പോലും തീരദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടി: ഒന്നാം ജാഗ്രതാനിർദേശം നൽകി തമിഴ്‌നാട്.
